സ്‌കൂള്‍ വാഹന ചട്ടങ്ങള്‍ കടലാസില്‍
കക്കട്ടില്‍: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ അനധികൃത സ്‌കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു. വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഏറെയും മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓടുന്നതും അപകടങ്ങള്‍ വരാതിരിക്കാന്‍ പാലിക്കേണ്ട നടപടികള്‍ കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നതാണ് രക്ഷിതാക്കളില്‍ ആശങ്ക പരത്തുന്നത്.
ബസുകളിലും മറ്റു വാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ചും സഹായികളെ നിര്‍ത്താതെയുമാണ് മിക്കവാഹനങ്ങളും ഓടുന്നത്. ചിലര്‍ രക്ഷിതാക്കളോടും പൊതുജനങ്ങളോടും മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പലതും പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. കുട്ടികള്‍ തെറിച്ച് വീഴാതിരിക്കാന്‍ വാഹനത്തിന്റെ ജനല്‍ വശത്ത് ക്രോസ് ബാര്‍ സ്ഥാപിക്കേണ്ടതാണ്. എന്നാല്‍ ഇതു മിക്കവാഹനങ്ങള്‍ക്കുമില്ല.
പത്തു വര്‍ഷമെങ്കിലും ഡ്രൈവിങ് പരിചയമുള്ളവരെയാണ് ഡ്രൈവറായി നിയോഗിക്കേണ്ടത്. ഇതും പലരും പാലിക്കുന്നില്ല. ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഫോണ്‍ വിവരം എഴുതി സൂക്ഷിക്കണമെന്ന നിര്‍ദേശവും കടലാസിലൊതുങ്ങിയിരിക്കുകയാണ്.
സ്‌കൂള്‍ ബാഗുകള്‍ വെക്കാന്‍ പ്രത്യേക സംവിധാനവും ഫസ്റ്റ് എയ്ഡ് ബോക്‌സും നിര്‍ബന്ധമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സഹായിയായി നിയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അമിതമായ ചാര്‍ജ് ഈടാക്കുന്ന വിദ്യാലയങ്ങള്‍ പോലും ഇവ പാലിക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.
ഭൂരിഭാഗം അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വാഹനങ്ങളിലും സഹായികളില്ലാത്ത അവസ്ഥയാണ്. വേഗപൂട്ട് ഘടിപ്പിക്കാതെ ജീപ്പ്, ഓട്ടോ, ടാക്‌സി വാഹനങ്ങളും വിദ്യാലയങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ ഓടുന്നുണ്ട്. അധികൃതര്‍ വാഹന പരിശോധനയ്ക്ക് തയ്യാറാവാത്തതുകാരണം സ്‌കൂള്‍ അധികൃതരും ഇവ ഗൗരവത്തിലെടുത്തിട്ടില്ല.
കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ മറ്റ് ഓട്ടമുള്ളവയായതിനാല്‍ അമിത വേഗത്തില്‍ ഓടുന്നുണ്ട്. ഇതിനിടയില്‍ വാഹനം നേരത്തെ വരുന്നതും വൈകുന്നതും വാക്ക് തര്‍ക്കങ്ങള്‍ക്കിടയാക്കുന്നുണ്ട്. കനത്ത ചാര്‍ജ് ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ ചിലത് കാലപ്പഴക്കമുള്ളവയാണെന്നും ചില രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."