ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് സഹായം അഭ്യര്‍ഥിച്ച് യു.എന്‍
ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീനിയന്‍ റെഫ്യൂജിവിന് (യു.എന്‍.ആര്‍.ഡബ്ല്യു.എ) സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്ന് അംഗങ്ങളോട് യു.എന്‍ അഭ്യര്‍ഥിച്ചു. ഫലസ്തീന്‍ അഭയാര്‍ഥികളുടെ ജീവിത സാഹചര്യം വളരെ അനിശ്ചിതത്വത്തിലും ഉത്കണഠയിലുമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ഏജന്‍സിക്കുള്ള സാമ്പത്തിക സഹായം യു.എസ് വെട്ടിക്കുറച്ചത് പരിഹരിക്കാനാണ് യു.എന്നിന്റെ അഭ്യര്‍ഥന. അഭയാര്‍ഥികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, മരുന്ന് മറ്റു അവശ്യ സൗകര്യങ്ങള്‍ എന്നിവക്ക് സഹായം വേണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന യു.എന്‍ യോഗമാണ് ആവശ്യപ്പെട്ടത്. സിറിയ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, ഗസ്സ, ജോര്‍ദാന്‍, ലെബനാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ അമ്പത് ലക്ഷം ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കാണ് യു.എന്‍.ആര്‍.ഡബ്ലു.എ സഹായം നല്‍കുന്നത്. ഈ വര്‍ഷം 25 കോടി ഡോളറിന്റെ കുറവാണ് ഏജന്‍സിക്കുള്ളത്.
യു.എന്‍.ആര്‍.ഡബ്ല്യു.എക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയിരുന്ന യു.എസ് കഴിഞ്ഞ വര്‍ഷമാണ് സാമ്പത്തിക സഹായം വെട്ടിക്കുറച്ചത്. 36.4 കോടി ഡോളര്‍ നല്‍കിയിരുന്ന യു.എസ് ഈ വര്‍ഷം ആറ് കോടി മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് നിരവധി അഭയാര്‍ഥികളുടെ സൗകര്യങ്ങളില്‍ പ്രതിസന്ധികള്‍ ഉയര്‍ന്നിരുന്നു. ജറൂസലമിനെ യു.എസ് ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതിലുള്ള ഫലസ്തീനിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് യു.എസ് സാമ്പത്തിക സഹായം വെട്ടിക്കുറച്ചത്. യു.എസ് നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ അംഗീകരിക്കില്ലെന്നു ഫലസ്തീന്‍ നേതാക്കള്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."