HOME
DETAILS
MAL
കൊവിഡ് ഇതര വിദഗ്ധ ചികിത്സ: മെഡിക്കല്‍ കോളജുകളും മടങ്ങിവരുന്നു
backup
May 23 2020 | 03:05 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഇതര വിദഗ്ധ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി മര്‍ഗ നിര്‍ദേശമായി. മെഡിക്കല്‍ കോളജുകളില്‍ എത്തുന്ന രോഗികളില്‍ ശസ്ത്രക്രിയ വേണ്ടി വരുന്നവര്‍ക്ക് 45 മിനിട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് പരിശോധന നടത്തിയശേഷം ശസ്ത്രക്രിയകള്‍ നടത്തും. നിയന്ത്രണങ്ങളോടെ നിശ്ചിത സമയങ്ങളില്‍ ഒ.പി പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു. ടെലി മെഡിസിന്‍ സംവിധാനത്തിന്റെ സഹായത്തോടെ തുടര്‍ ചികിത്സകള്‍ തീരുമാനിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളെല്ലാം ഇപ്പോള്‍ കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുകയാണ്.
ഇതോടെ സാധാരണ നിലയിലുള്ള ഒ.പിയും മുന്‍ കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളുമടക്കം താളം തെറ്റി. പലര്‍ക്കും ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികളുമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍.
കൊവിഡ്, കൊവിഡ് ഇതര ചികിത്സ വിഭാഗങ്ങളിലേക്കായി ജീവനക്കാരെ രണ്ടായി തിരിക്കും.തുടര്‍ ചികിത്സകള്‍ക്കും ആദ്യമായി എത്തുന്നവര്‍ക്കുമായി പ്രത്യേക ഒ.പി പ്രവര്‍ത്തിക്കും.
അടിയന്തര പ്രാധാന്യമില്ലാത്ത ചികിത്സകള്‍ക്കായി താഴേത്തട്ടിലുള്ള ആശുപത്രികളിലേക്ക് ബാക്ക് റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തും. അടിയന്തര സ്വഭാവവും മുന്‍ഗണനക്രമവും പരിഗണിച്ച് ശസ്ത്രക്രിയകള്‍ നടത്തും. സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ ഒരു തരത്തിലും മുടക്കില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവും കൊവിഡ് ഇതര രോഗങ്ങള്‍ക്കായി പൂര്‍ണമായും പ്രവര്‍ത്തിക്കും. അതേ സമയം കൊവിഡ് രോഗികള്‍ അനിയന്ത്രിതമായി കൂടിയാല്‍ നിലവിലെ സൗകര്യങ്ങളില്‍ 80 ശതമാനവും കെവിഡ് ചികിത്സകള്‍ക്കായി മാറ്റാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."