മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി മുക്കം
മുക്കം: തസ്‌കരവീരന്‍മാരെ കൊണ്ട് പൊറുതിമുട്ടി മുക്കം. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ മുക്കത്തും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങളും കടകളും വീടുകളും കേന്ദ്രീകരിച്ച് ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് നടന്നത്.
ഇന്നലെ നഗരസഭയിലെ അഗസ്ത്യന്‍മുഴി അങ്ങാടിയില്‍ പരക്കെ മോഷണം നടന്നു. തിങ്കളാഴ്ച രാത്രി ഇവിടത്തെ നാലു കടകളിലാണ് കള്ളന്‍ കയറിയത്. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കോട്ടമ്മല്‍ സ്റ്റോറ്റില്‍ നിന്ന് 55,000 രൂപയാണ് നഷ്ടപ്പെട്ടത്. ബാങ്കിലടക്കുന്നതിനും മറ്റുമായി വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പറഞ്ഞു.
ആര്‍.എം.എസ് അലുമിനിയം, മൊബൈല്‍ സിറ്റി, ഹൈവേ സ്റ്റേഷനറി തുടങ്ങിയ കടകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. പൂട്ടുപൊളിച്ച അകത്ത് കടന്ന മോഷ്ടാവ് പല കടകളിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. മുക്കം എസ്.ഐ ഹമീദിന്റെ നേതൃത്വത്തില്‍ പൊലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യത്തില്‍നിന്നു മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യം പൊലിസ് കണ്ടെടുത്തു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണ്. പൂട്ടുപൊളിക്കുന്നതിനായി മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിയും മറ്റ് ഉപകരണങ്ങളും സമീപ സ്ഥലത്തുനിന്ന് പൊലിസിന് ലഭിച്ചു.
മുക്കത്തും പരിസരത്തും മോഷണം വ്യാപകമായ സാഹചര്യത്തില്‍ നൈറ്റ് പട്രോളിങ് ശക്തമാക്കിയതായും കടകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും പൊലിസ് പറഞ്ഞു. അതേസമയം ജനങ്ങളെ ഭീതിയിലാഴ്ത്തി മോഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പ്രതികളെ പിടികൂടാന്‍ പൊലിസിന് സാധിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."