പി.എന്‍.ബി ലോക്കര്‍ കേസ്; അനില്‍കുമാറിന്റെ ഭാര്യയെ പ്രതിചേര്‍ത്തു
കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുഖ്യശാഖയിലെ ലോക്കറുകളില്‍ നിന്ന് ഇരുന്നൂറ് പവനോളം സ്വര്‍ണാഭരണങ്ങളും വജ്ര മാലയും കവര്‍ന്ന കേസില്‍ അനില്‍കുമാറിന്റെ ഭാര്യയെയും പ്രതിചേര്‍ത്തു. മുഖ്യപ്രതി പുതിയറ സ്രാമ്പിക്കല്‍ പറമ്പ് 'അച്യുതം' വീട്ടില്‍ അനില്‍കുമാറിന്റെ ഭാര്യ മിനിറാണി(45) യെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നലെ ക്രൈംബ്രാഞ്ച് കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (ഒന്ന് ) സമര്‍പ്പിച്ചു.
കല്ലായ് സ്വദേശി കെ.വി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള സഊദി മുദ്രയുള്ള എട്ടു സ്വര്‍ണ നാണയങ്ങള്‍ അനില്‍കുമാറിന്റെ ഭാര്യ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുഖ്യശാഖയില്‍ പണയം വയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് എസ്.പി അറിയിച്ചു. മൂന്നു ലക്ഷം രൂപ വായ്പയെടുത്തതില്‍ പലിശയിനത്തിലും മുതലില്‍ ഒരു ഭാഗവും ഇതിനകം തിരിച്ചടച്ചിട്ടുണ്ട്. ബന്ധുക്കളുടെ പേരില്‍ മോഷണ മുതല്‍ പണയം വയ്ക്കുകയോ ലോക്കറുകളില്‍ നിക്ഷേപിക്കുകയോ ചെയ്താല്‍ അവരെ കൂടി കൂട്ടുപ്രതികളാക്കാന്‍ ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം ലോക്കര്‍ കേസില്‍ അനില്‍കുമാറിന്റെ ഭാര്യയെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം മുഖ്യപ്രതി അനില്‍കുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം നല്‍കിയ ഹരജി വിചാരണക്കോടതി ഇന്നു പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."