അന്ന് സ്ഥാനാര്‍ഥിയെക്കാള്‍ ഗമയായിരുന്നു മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്ക്
#ശരീഫ് കൂലേരി
തൃക്കരിപ്പൂര്‍: അതൊരുകാലം. അന്നൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായി പോയിക്കഴിഞ്ഞാല്‍ നല്ല വിലയായിരുന്നു. മൂന്ന് പതിറ്റാണ്ടുമുന്‍പ് മൈക്ക് ഓപ്പറേറ്ററായി പ്രവര്‍ത്തിച്ച തൃക്കരിപ്പൂരിലെ കെ.വി കുഞ്ഞിക്കണ്ണനാണ് പഴയകാല തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് വാചാലനായത്. അന്ന് കുമാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ടില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു കുഞ്ഞിക്കണ്ണന്‍. ഒ. രാജഗോപാല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.കെ നായനാര്‍ തുടങ്ങിയ പ്രമുഖര്‍ കാസര്‍കോട് പാര്‍ലമെന്ററി മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണവാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായി പോകാന്‍ ഭാഗ്യംകിട്ടിയതായി കുഞ്ഞിക്കണ്ണന്‍ ഓര്‍ക്കുന്നു.
ഇന്നത്തെപോലെ ഒരുപാട് വാഹനങ്ങളൊന്നും ഉണ്ടാകില്ല. മൈക്ക് സെറ്റ് കെട്ടിയ ഒരു ജീപ്പ് മാത്രമാണ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. ആ ജീപ്പിലാണ് സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം ഉണ്ടാവുക. സ്വീകരണ സ്ഥലത്ത് പ്രചാരണ വാഹനം എത്തിയാല്‍ സ്ഥാനാര്‍ഥിയിലല്ല കുട്ടികളടക്കമുള്ളവരുടെ നോട്ടം, മൈക്ക് ഓപ്പറേറ്ററിലാണ്.
സ്ഥാനാര്‍ഥികളും മറ്റുനേതാക്കളും മൈക്കിലൂടെ ചെറിയ ശബ്ദത്തില്‍ പറയുന്ന കാര്യങ്ങള്‍ വലിയ ശബ്ദമാക്കിമാറ്റുന്ന മഹാമാന്ത്രികനായാണ് ഓപ്പറേറ്റര്‍മാരെ കണ്ടിരുന്നത്. പലര്‍ക്കും മൈക്ക് ഓപ്പറേറ്റര്‍മാരോട് സംസാരിക്കണം.
അഥവാ സംസാരിക്കാനായാല്‍ എന്തോ പിടിച്ചടക്കിയ സന്തോഷമാണ് അവര്‍ക്ക്. അന്ന് മൈക്ക് ഓപ്പറേറ്റര്‍മാര്‍ വലിയ എന്തോ കാര്യമാണ് ചെയ്തുവരുന്നതെന്ന ഗമയും തങ്ങളില്‍ ചിലര്‍ക്ക് ഉണ്ടായിരുന്നതായി കുഞ്ഞിക്കണ്ണന്‍ പറയുന്നു.
മൂന്നു പതിറ്റാണ്ടുമുന്‍പ് മൈക്ക് ഓപ്പറേറ്റര്‍ ജോലിയില്‍നിന്നു വിരമിച്ച ഉദിനൂര്‍ തടിയന്‍കൊവ്വലിലെ കുഞ്ഞിക്കണ്ണന്‍ ഇപ്പോള്‍ തൃക്കരിപ്പൂര്‍ തങ്കയംമുക്കില്‍ സൈക്കിള്‍ റിപ്പയറിങ് കട നടത്തിപ്പുകാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."