കൊവിഡ് കാല ചെറിയപെരുന്നാള്‍ വീടുകള്‍ക്കകത്ത് ആഘോഷമാക്കി വിശ്വാസികള്‍
മലപ്പുറംറിയാദ്: ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൊവിഡ് കാല ചെറിയപെരുന്നാള്‍ വിശ്വാസികള്‍ നാട്ടിലും മറുനാട്ടിലും വീടുകള്‍ക്കകത്ത് ആഘോഷമാക്കി. പള്ളികളില്‍ നടക്കേണ്ട പെരുന്നാള്‍ നിസ്‌കാരവും ഖുത്വുബയും ഇത്തവണ വീടുകളിലാണ് നടന്നത്. മിക്ക വീടുകളിലും വിശ്വാസികള്‍ നേരത്തെ തന്നെ ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. പൂര്‍ണമായും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കുടുംബങ്ങളൊന്നിച്ച് ചെറിയ സംഘങ്ങളായാണ് പെരുന്നാള്‍ നിസ്‌കാരം നടത്തിയത്. പള്ളികളില്‍ നിസ്‌കാരം നടന്നില്ലെങ്കിലും സുബ്ഹി നിസ്‌കാര ശേഷം പള്ളികളില്‍ വച്ച് ഉച്ചത്തിലുള്ള തക്ബീര്‍ വിളികള്‍ ഉണ്ടായിരുന്നു.
റമദാനിലും തറാവീഹ് ഉള്‍പ്പെടെ വീടുകളില്‍ തന്നെയായിരുന്നു നടന്നിരുന്നത്. വീടുകളില്‍ ചെറിയപെരുന്നാള്‍ നിസ്‌കാരവും ഖുത്വുബയും നിര്‍വഹിക്കേണ്ടതിനെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷ കാര്യങ്ങളിലും വിശ്വാസികള്‍ ഏറെ ജാഗ്രത പുലര്‍ത്തി. പെരുന്നാളിനു മുന്നോടിയായി ടൗണുകളില്‍ ഉണ്ടാവാറുള്ള പതിവു തിരക്കുകളും ഇത്തവണ അനുഭവപ്പെട്ടില്ല. ആഘോഷങ്ങള്‍ക്കു വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് പുറത്തിറങ്ങിയത്. പെരുന്നാള്‍ കാലങ്ങളില്‍ ഉണ്ടാവാറുള്ള കുടുംബ സന്ദര്‍ശനങ്ങളും ഇത്തവണ കുറവായിരുന്നു.
പൊതുഗതാഗതം സജീവമാകാത്തതും ആഘോഷങ്ങളെ ലളിതമാക്കി. വീടുകളില്‍ പ്രാര്‍ഥനയും കുടുംബങ്ങളൊത്തു ഭക്ഷണം കഴിച്ചുമാണ് വിശ്വാസികള്‍ ആഘോഷങ്ങളെ സജീവമാക്കിയത്. തുടര്‍ന്ന് പള്ളി ഖബര്‍സ്ഥാനിലെത്തി ഉറ്റവരെ സിയാറത്തു ചെയ്യാനും പലരും സമയം കണ്ടത്തി.
ഗള്‍ഫ് നാടുകളിലും ഭവനങ്ങളില്‍ വച്ചാണ് നിസ്‌കാരം നടന്നത്. സഊദില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും മാത്രമാണ് പെരുന്നാള്‍ നിസ്‌കാരം നടന്നത്. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ്, മദീനയില്‍ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ബൈജാന്‍ എന്നിവരാണ് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ലോകം അനുഭവിക്കുന്ന പ്രതിസന്ധികളില്‍ നിന്നുള്ള മുക്തിക്കായി പ്രതിരോധവും പ്രാര്‍ഥനയും തുടരാന്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു. ഇരു പള്ളികളിലും സാമൂഹിക അകലം പാലിച്ചായിരുന്നു നിസ്‌കാരങ്ങള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."