കുടിവെള്ളമെത്തിയില്ല; വാര്‍ഡ് മെമ്പര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി
എടവണ്ണപ്പാറ: നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്താന്‍ സഹായകമാവുന്ന പൈപ്പ് ലൈന്‍ പണികള്‍ പൂര്‍ത്തിയാക്കാതെ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്കെതിരേ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം തുടങ്ങി. വാഴയൂര്‍ പഞ്ചായത്തംഗം മൂസ ഫൗലൂദ് ആണ് കുത്തിയിരുപ്പ് സമരം തുടങ്ങിയത്.
ചീക്കോട് കുടിവെള്ള പദ്ധതിയുടെ തിരുത്തിയാട് വരെയുള്ള പൈപ്പ് ലൈന്‍ മുന്നൂറോളം മീറ്റര്‍ നീട്ടിയാല്‍ കാരമ്മല്‍, പുന്നേപാടം, പാറമ്മല്‍ പുറായ, പുത്തലത്ത്, അത്തിപ്പറമ്പത്ത്, ചീനിയോടത്ത്, മഞ്ചക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും .
ഇതനുസരിച്ച് പൈപ്പ് ലൈന്‍ നീട്ടാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ഫണ്ടുകള്‍ പാസാവുകയും ചെയ്തതാണ്. ഫണ്ടുകള്‍ പാസായി ആറുമാസം കഴിഞ്ഞിട്ടും നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് വാര്‍ഡ് മെമ്പര്‍ സമരം തുടങ്ങിയത്.നിരവധി തവണ വാക്കാല്‍ തന്ന ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് രേഖ മൂലം ഉറപ്പു ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും കരാറുകാറും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് മന:പൂര്‍വം വൈകിപ്പിക്കുകയാണെന്നും മൂസ ഫൗലൂദ് പറഞ്ഞു. മെമ്പറുടെ സമരത്തിന് പ്രദേശ വാസികളുടെയും ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളുടെയും പിന്തുണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."