ക്വാറന്റൈൻ ചെലവ് പ്രവാസികൾ തന്നെ വഹിക്കണമെന്ന് പറയുന്നത് അവഹേളനം: പ്രവാസി സാംസ്‌കാരിക വേദി
ജിദ്ദ: തിരിച്ചെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസികളോടുള്ള അവഹേളനമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി. കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ വഹിച്ച പങ്കിനെക്കുറിച്ചും പ്രവാസികളുടെ സംഭാവനയെക്കുറിച്ചുമൊക്കെ വലിയ തോതിൽ സംസാരിക്കുന്ന മുഖ്യമന്ത്രി, എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾ തന്നെ സ്വന്തമായി ക്വാറന്റൈൻ ചെലവ് കൂടി വഹിക്കണമെന്നാണ് ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നാലായിരത്തിലധികം കോടി രൂപ ബാക്കിയാകുമ്പോഴാണ് സർക്കാരിന്റെ കയ്യിൽ കാശില്ല എന്ന ന്യായം പറഞ്ഞ് മുഖ്യമന്ത്രി പ്രവാസികളെ പിഴിയാനൊരുങ്ങുന്നത്. കൊവിഡ് റിലീഫിന്റെ പേരിലും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കോടികണക്കിന് രൂപ സർക്കാർ സമാഹരിച്ചുകഴിഞ്ഞു. കൊവിഡ് റിലീഫിനായി സർക്കാർ പിടിച്ചെടുക്കുന്ന ഈ തുകയെല്ലാം എന്തിന് വേണ്ടിയാണ് സർക്കാർ ശേഖരിച്ച് വെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണം.
ഇമേജ് ബിൽഡിങ്ങിന്നായി ഇവൻറ് മാനേജ്മെൻ്റ് കമ്പനികൾക്ക് കൊടുക്കാൻ വൻതുക കണ്ടെത്തുന്ന സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണ്. ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ഏറെ പ്രയാസ മനുഭവിക്കുന്നവരുമായ പ്രവാസികളാണ് ഇപ്പൊൾ തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. ഇവരിൽ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചിലവിൽ സൗകര്യം തേടുന്നുണ്ട്. സർക്കാർ ഏർപ്പെടുത്തിയ സൗജന്യസൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തുന്ന ഇവരുടെ കയ്യിലെ അവശേഷിക്കുന്ന പണവും കൂടി പിഴിഞ്ഞെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വെൽഫെയർ പാർട്ടിയടക്കം പല സംഘടനകളും സൗജന്യ ടിക്കറ്റ് നൽകാൻ തയ്യാറായിട്ടും സംസ്ഥാന സർക്കാർ ചില്ലിക്കാശ് പോലും ചില വഴിക്കാൻ സന്നദ്ധമായിരുന്നില്ല. ഇപ്പോൾ ക്വാറന്റൈ ചാർജ് കൂടി പ്രവാസികളിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ചതിലൂടെ പ്രവാസികളെ ചൂഷണം ചെയ്യൽ മാത്രമാണ് സർക്കാരിന്റെ നയമെന്ന് വ്യക്തമായിരിക്കുന്നു. പ്രവാസികളുടെ ക്വാറന്റീൻ ഉത്തരവാദിത്വം സർക്കാരിന് സാധ്യമല്ലെങ്കിൽ അതിന് തയാറായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും ഏൽപിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രവാസി പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."