വെള്ളക്കെട്ടൊഴിയുന്നില്ല; തീരമേഖല ദുരിതത്തില്‍ തന്നെ
തുറവൂര്‍: പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളുടെ പടിഞ്ഞാറെ മേഖലകളില്‍ ദുരിതങ്ങള്‍ തുടരുകയാണ്.
പെയ്ത്തു വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാതായതോടെ വീടുകളും റോഡുകളും എല്ലാം വെള്ളക്കെട്ടിലായതാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്.
തീരമേഖലയിലെ നൂറുക്കണക്കിന് വീടുകളാണ് വെള്ളം കെട്ടിക്കിടന്ന് നശിക്കുന്നത്. പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, സെപ്റ്റിടാങ്ക് നിറഞ്ഞു കവിഞ്ഞതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയുന്നില്ല. തീരദേശത്തേക്ക് പോകുന്ന റോഡുകളെല്ലാം കവിഞ്ഞു ഒഴുകുകയാണ്.
റോഡിലെ കുഴികള്‍ തിരിച്ചറിയാനാകാതെ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നു. സൈക്കിള്‍, ബൈക്ക് യാത്രികര്‍ ഏറെ കഷ്ടപ്പെട്ടാണ് കടന്നുപോകുന്നത്. കാല്‍നട യാത്രികര്‍ മുട്ടോളം വെള്ളം നീന്തി വേണം കടന്നു പോകാന്‍. മഴ തുടങ്ങിയപ്പോള്‍ രൂപം കൊണ്ട വെള്ളക്കെട്ടിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
പട്ടണക്കാട്-വെട്ടയ്ക്കല്‍ റോഡിലെയും വെള്ളക്കെട്ട് ഒഴിയാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പട്ടണക്കാട് വില്ലേജ് ഓഫിസിന് പടിഞ്ഞാറ് പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡില്‍ അര കിലോമീറ്ററോളം ഭാഗത്താണ് ഒന്നര അടിയോളം വെള്ളം കെട്ടിക്കിടക്കുന്നത്.
ഇതുമൂലം കാല്‍നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. അന്ധകാരനഴിയില്‍ നിന്ന് പട്ടണക്കാട്, വയലാര്‍ കവല തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹനങ്ങള്‍ പോകുന്നത് ഇതുവഴിയാണ്. ഒരു ചെറിയ മഴ പെയ്താല്‍ ഇരുവശമുള്ള കരിനിലങ്ങള്‍ നിറഞ്ഞു കവിയുന്നതാണ് റോഡ് മുങ്ങാന്‍ കാരണം.
പാടവും റോഡും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ സൈക്കിള്‍, ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നതും പതിവാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."