വോട്ടുറപ്പിച്ചേ, ഓപ്പണ്‍ വോട്ടാണേ...
#ടി.കെ ജോഷി
കോഴിക്കോട്: വോട്ടുറപ്പിക്കുന്നതിനൊപ്പം ഓപ്പണ്‍ വോട്ടുറപ്പിച്ചും പാര്‍ട്ടി പ്രവര്‍ത്തകര്‍. ബൂത്തുകളില്‍ കാമറയും നിരീക്ഷണവും വന്നതോടെ കള്ളവോട്ടില്‍ നിന്ന് മാറിയാണ് പാര്‍ട്ടിക്കാര്‍ ഓപ്പണ്‍ വോട്ടിലേക്കു തിരിഞ്ഞത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ പല ബൂത്തുകളിലും ഓപ്പണ്‍ വോട്ട് വന്‍തോതില്‍ കൂടിയിരുന്നു. സി.പി.എമ്മിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലും ബൂത്തുകളിലുമാണ് ഓപ്പണ്‍ വോട്ട് കൂടിയത്. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ഓപ്പണ്‍ വോട്ട് വിവാദമാകാറുണ്ടെങ്കിലും ഫലം വന്നാല്‍ പിന്നെ ഇവയെല്ലാം ജയിച്ചവരും തോറ്റവരും മറക്കാറാണ് പതിവ്.
ഈ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ ചുരുങ്ങിയത് 25 ഓപ്പണ്‍ വോട്ടെങ്കിലും ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. ഓപ്പണ്‍ വോട്ട് ചെയ്യേണ്ടവരുടെ പട്ടിക നേരത്തെ തയാറാക്കണം. മക്കള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രായമായ മാതാപിതാക്കളെ കണ്ണു കാണില്ലെന്ന് പറഞ്ഞ് ഓപ്പണ്‍ വോട്ട് ചെയ്യിക്കണം. തെരഞ്ഞെടുപ്പു ദിവസം വാഹനത്തില്‍ ബൂത്തിലെത്തിക്കാമെന്ന് ആദ്യമേ ഇവര്‍ക്ക് വീട്ടിലെത്തി ഉറപ്പുനല്‍കണം. പിന്നെ ചുമതലപ്പെടുത്തിയയാള്‍ തന്നെ ഇവരെ ബൂത്തിലെത്തിക്കുകയും വോട്ട് ചെയ്യുകയും വേണം. ഓപ്പണ്‍ വോട്ട് ചെയ്യുന്നവര്‍ പാര്‍ട്ടിയുടെ വിശ്വസ്തരാവണമെന്ന നിര്‍ദേശവുമുണ്ട്. പരമാവധി ഓപ്പണ്‍ വോട്ടുകള്‍ ഉറപ്പിച്ച് സ്വന്തം സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കണമെന്നാണ് നിര്‍ദേശം.
കണ്ണു കാണാത്തവര്‍, പ്രായം കാരണം വയ്യാത്തവര്‍ തുടങ്ങിയവരുടെ വോട്ട് മറ്റൊരു വോട്ടറുടെ സഹായത്തോടെ ചെയ്യുന്നതാണ് ഓപ്പണ്‍ വോട്ട്. പ്രിസൈഡിങ് ഓഫിസറുടെ അനുമതിയോടെയും വോട്ടറുടെ സമ്മതത്തോടെയുമാണ് സഹായി വോട്ടു ചെയ്യുന്നത്. വോട്ടര്‍ പറയുന്ന സ്ഥാനാര്‍ഥിക്കാണ് സഹായി വോട്ടു ചെയ്യേണ്ടതെങ്കിലും സഹായിയുടെ രാഷ്ട്രീയ ചിഹ്നത്തിലാണ് വോട്ട് പതിയുകയെന്നതാണ് സത്യം.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓപ്പണ്‍ വോട്ട് കൂടുതല്‍. കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഒരു ബൂത്തില്‍ 90 ഓപ്പണ്‍ വോട്ട് ചെയ്ത ചരിത്രമുണ്ട്. കണ്ണൂരിലെയും കാസര്‍കോട്ടെയും സി.പി.എം കേന്ദ്രങ്ങളിലെ ബൂത്തുകളില്‍ ശരാശരി ഓപ്പണ്‍ വോട്ട് 50ഉം 60ഉം ഒക്കെയാണ്. ബൂത്തിലെത്തി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് ഒപ്പുവച്ചവര്‍ പോലും കണ്ണുകാണുന്നില്ലെന്ന് പറഞ്ഞ് ഓപ്പണ്‍ വോട്ട് ചെയ്യിക്കുന്നത് പലപ്പോഴും ബൂത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാനും ഇടയാക്കാറുണ്ട്.
മലബാറില്‍ പരീക്ഷിച്ച ഈ ഓപ്പണ്‍ വോട്ട് തന്ത്രം നിര്‍ണായകമായ മറ്റു മണ്ഡലങ്ങളിലും പരീക്ഷിക്കാമെന്ന രഹസ്യ നിര്‍ദേശവുമുണ്ട്. ഒരു ബൂത്തില്‍ നിന്ന് 25 വോട്ട് ഓപ്പണ്‍ വോട്ടായി കിട്ടിയാല്‍ അത് വിജയത്തിന് നിര്‍ണായകമാകും.
കള്ളവോട്ട് ചെയ്യാന്‍ പലരും മടിക്കുന്നതിനാലാണ് ഓപ്പണ്‍ വോട്ട് തന്ത്രങ്ങളിലേക്ക് പാര്‍ട്ടിക്കാര്‍ ചുവടുമാറുന്നത്. ഓപ്പണ്‍ വോട്ട് എന്ന പേരില്‍ നടക്കുന്നത് യഥാര്‍ഥത്തില്‍ പരോക്ഷമായ കള്ളവോട്ട് തന്നെയാണെന്നാണ് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
പക്ഷെ ഇതിനെ എതിര്‍ക്കാനോ പുറത്തുപറയാനോ പല ഉദ്യോഗസ്ഥര്‍ക്കും കഴിയാറില്ല. മലബാറിലെ പാര്‍ട്ടി കോട്ടകളായ പ്രദേശങ്ങളിലെ പല ബൂത്തുകളിലും ജീവന്‍ പണയം വച്ചാണ് പോളിങ് ഉദ്യോഗസ്ഥര്‍ ഇരിക്കുന്നതു തന്നെ.
അതിനാല്‍ ഓപ്പണ്‍ വോട്ടിനായി സഹായി വോട്ടര്‍മാരെയും കൊണ്ടു ബൂത്തിലെത്തുമ്പോള്‍ മിക്ക പ്രിസൈഡിങ് ഓഫിസര്‍മാരും കണ്ണ് ഓപ്പണ്‍ ആക്കാതിരിക്കുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."