ഭീകരന്റെ വിവരങ്ങള്‍ തേടി ആസ്‌ത്രേലിയന്‍ പൊലിസ്
സിഡ്‌നി: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികള്‍ക്കു നേരെ ആക്രമണം നടത്തിയ ഭീകരന്‍ ബ്രന്‍ഡന്‍ ടറന്റിന്റെ ആസ്‌ത്രേലിയയിലെ വീടുകളില്‍ പൊലിസ് പരിശോധന. ന്യൂ സൗത്ത് വെയില്‍സിലെ രണ്ടുവീടുകളിലാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട് ന്യൂസിലന്‍ഡ് പൊലിസ് നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അവരെ സഹായിച്ച് ആസ്‌ത്രേലിയന്‍ പൊലിസിന്റെ നടപടി.
കേസുമായി ബ്രന്‍ഡന്റെ വീട്ടുകാര്‍ സഹകരിക്കുന്നുണ്ടെന്ന് ആസ്‌ത്രേലിയന്‍ പൊലിസ് അറിയിച്ചു. സൗത്ത് വെയില്‍സിലെ ഗ്രാഫ്ടനിലാണ് ബ്രാന്‍ഡന്‍ വളര്‍ന്നതും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും. പിന്നീട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ന്യൂസിലന്‍ഡിലാണ് ഇയാള്‍ താമസിച്ചത്.
ഇവിടെ ജിംനേഷ്യത്തില്‍ പരിശീലകനായാണ് ജോലിനോക്കിയത്. ന്യൂസിലന്‍ഡില്‍ കഴിയവെ സാധാരണ ശാന്തനായി കഴിഞ്ഞിരുന്ന ബ്രന്‍ഡന്‍, ഗ്രാഫ്ടനില്‍ ജോലിനോക്കുന്നതിനിടെയാണ് തീവ്രവലതുപക്ഷ വംശീയവാദ ആശയങ്ങളില്‍ ആകൃഷ്ടനായത്. അതിനാല്‍ ഇയാള്‍ ഭീകരാക്രമണം നടത്തിയെന്ന വാര്‍ത്ത ഇയാളുടെ കുടുംബത്തിനു നാട്ടുകാര്‍ക്കും അവിശ്വസനീയമായി തോന്നിയിരുന്നു.
2016ല്‍ ഇയാള്‍ സെര്‍ബിയ, മോന്‍ടിനെഗ്രോ, ബോസ്‌നിയ ഹെര്‍സഗോവിന, ക്രോയേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടത്തെ യുദ്ധസ്മാരകങ്ങള്‍ ചുറ്റിക്കാണുകയും ചെയ്തു. ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ക്രൂരമായ വംശഹത്യകള്‍ നടന്ന ചരിത്രമുള്ളവയാണ് ഇതില്‍ ചില രാജ്യങ്ങള്‍. 2017ല്‍ തുര്‍ക്കിയും ബല്‍ഗേറിയയും ഇസ്‌റാഈലും സന്ദര്‍ശിച്ചതായും പൊലിസ് കണ്ടെത്തി.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 45 ദിവസം മാത്രമാണ് ബ്രന്‍ഡന്‍ ജന്‍മനാടായ ആസ്‌ത്രേലിയയില്‍ കഴിഞ്ഞത്. ഈ സമയത്ത് അദ്ദേഹം സംശയിക്കത്തക്ക യാതൊരു പ്രവൃത്തിയിലും ഏര്‍പ്പെട്ടതായി പൊലിസിനു കണ്ടെത്താനുമായില്ല. വെള്ളിയാഴ്ച 50 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
തോക്കുനിയമം കര്‍ശനമാക്കി
വെല്ലിങ്ടണ്‍: രാജ്യത്തെ രണ്ടു മുസ്‌ലിം പള്ളികളില്‍ 50 പേര്‍ ഭീകരവാദിയുടെ വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് തോക്ക് കൈവശംവയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചു.
കാബിനറ്റ് യോഗത്തിനു ശേഷം പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനാണ് ഇക്കാര്യം അറിയിച്ചത്. 10 ദിവസത്തിനകം രാജ്യത്തെ തോക്കുനിയമത്തിലെ ഭേദഗതികള്‍ പൂര്‍ണമായി പ്രഖ്യാപിക്കും.
അതിനിടെ കൂട്ടക്കൊല സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. തോക്കുപയോഗിച്ച് വെടിവയ്പ് നടത്തിയത് ന്യൂസിലന്റ് പൗരനല്ല. വെള്ളക്കാരുടെ ആധിപത്യം എന്ന ആശയത്തെ പിന്തുണക്കുന്നവര്‍ രാജ്യത്തുണ്ടോ എന്നതും അന്വേഷിക്കും.
കൂട്ടക്കൊല നടത്തിയയാള്‍ ഓണ്‍ലൈനില്‍ നാലു തോക്കുകള്‍ വാങ്ങിയിരുന്നതായി ക്രൈസ്റ്റ് ചര്‍ച്ചിലെ ഗണ്‍സിറ്റി എന്ന തോക്കുകടയുടെ ഉടമ ഡേവിഡ് ടിപ്പിള്‍ അറിയിച്ചു. അതേസമയം ഇവ കുരുതി നടത്താന്‍ ഉപയോഗിച്ചോ എന്നു വ്യക്തമല്ല. രണ്ടു സെമി ഓട്ടോമാറ്റിക് തോക്കുകളുള്‍പ്പെടെ അഞ്ചു തോക്കുകളാണ് കൊലയാളി ഉപയോഗിച്ചതെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു.
കൊലയാളിക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെന്നും കോടതിയില്‍ ഹാജരാവാന്‍ അയാള്‍ സ്വയം സന്നദ്ധനായിരുന്നെന്നും ബ്രന്‍ഡന്‍ ടറന്റിന്റെ അഭിഭാഷകന്‍ പറഞ്ഞു. കൊലനടന്ന് 24 മണിക്കൂറിനകം കൊലപാതകത്തിന്റെ 15 ലക്ഷം വീഡിയോകള്‍ ഒഴിവാക്കിയതായി ഫേസ്ബുക്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."