യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജി നദിയില്‍ മരിച്ച നിലയില്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ഹഡ്സണ്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്ക് ഉന്നത കോടതിയിലെ അസോസിയേറ്റ് ജഡ്ജിയായ ഷീല അബ്ദുസ്സലാം (65) ആണ് മരിച്ചത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് 1.45ന് മാന്‍ഹട്ടണിനു പടിഞ്ഞാറ് ഹര്ലേമിലാണ് ഇവരുടെ മൃതദേഹം പൊങ്ങിയതെന്ന് പൊലിസ് വക്താവ് പറഞ്ഞു.
മൃതദേഹത്തില്‍ പ്രത്യക്ഷ പരുക്കുകളോ മറ്റോ ഉണ്ടായിരുന്നില്ലെന്നും മരണ കാരണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലിസ് പറഞ്ഞു. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ആഫ്രിക്കന്‍ വംശജയായ ഷീല അബ്ദുസ്സലാം വാഷിങ്ടണ്‍ ഡി.സി സ്വദേശിയാണ്. ഡെമോക്രാറ്റിക് ഗവര്‍ണര്‍ മറിയോ കോമോയാണ് 2013 ല്‍ സ്റ്റേറ്റ് കോടതിയിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്തത്.
അപ്പീല്‍ കോടതിയില്‍ ജഡ്ജിയായി നിയോഗിക്കപ്പെടുന്ന ആദ്യ ആഫ്രിക്കന്‍ വംശജയായ വനിതയും ഇവരാണ്. ബുധനാഴ്ച മുതല്‍ ന്യൂയോര്‍ക്കിലെ വീട്ടില്‍ നിന്ന് ഷീലയെ കാണാതായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ബെര്‍ണാഡ് കോളജ്, കൊളംബിയ നിയമ വിദ്യാലയം എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടി. ഈസ്റ്റ് ബ്രൂക്്ലിന് ലീഗല്‍ സര്‍വിസസിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്.
പിന്നീട് ന്യൂയോര്‍ക് സ്റ്റേറ്റ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. 1991 ല്‍ ന്യൂയോര്‍ക് സിറ്റി ജഡ്ജ്ഷിപ്പ് ലഭിച്ചതുമുതല്‍ നിരവധി അവസരങ്ങള്‍ ഇവരെ തേടിയെത്തി. ഷീലയുടെ നിര്യാണത്തില്‍ അമേരിക്കയിലെ ജഡ്ജിമാര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."