പ്രവാസി മടക്കം: ജിദ്ദ-കരിപ്പൂർ ജംബോ വിമാനം റദ്ദാക്കി, പകരം ചെറിയ വിമാനം, നിരവധി പേർക്ക് യാത്ര മുടങ്ങും
റിയാദ്: ജിദ്ദയിലെ മലബാർ പ്രവാസികൾക്ക് ആശ്വാസമായി പ്രഖ്യാപിച്ച ജിദ്ദ-കരിപ്പൂർ ജംബോ വിമാനം റദ്ദാക്കി. പകരം ഇതേ സെക്ടറിൽ ചെറിയ വിമാനമാണ് ഉപയോഗിക്കുക. ഏറെ മുറവിളിക്ക് ശേഷം പ്രഖ്യാപിച്ച ഈ മാസം പോകേണ്ട ജംബോ വിമാനമാണ് റദ്ദാക്കി പകരം 146 പേർക്കു കയറാവുന്ന ചെറിയ വിമാനമാക്കി മാറ്റിയത്. ഇതോടെ, യാത്ര പ്രതീക്ഷിച്ചിരുന്ന നിരവധി പേർക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായി.
29, 30 തിയ്യതികളിൽ ജിദ്ദയിൽ നിന്നും പുറപ്പെടുന്ന കോഴിക്കോട് വിമാനങ്ങളിൽ ഓരോ സർവ്വീസിലും 319 യാത്രികർ എന്ന കണക്കിൽ രണ്ടു വിമാനങ്ങളിലായി 638 യാത്രികരാണ് കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്നത്. ഇതിനുള്ള ലിസ്റ്റുകൾ തയാറാക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിവരം. ഇതോടെ, നേരത്തെ അറിയിച്ചവരെ യാത്ര സാധ്യമാകില്ലെന്ന വിവരം അറിയിക്കുകയായിരുന്നു. ഇതോടെ, ജംബോ വിമാനത്തിൽ പോകുന്നവരുടെ പകുതി പേർക്ക് മാത്രമേ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകൂ.
നേരത്തെ അറിയിച്ചിരുന്നവരോട് യാത്ര തൽക്കാലം പോകാനാവില്ലെന്നും അധികം താമസിയാതെ ജൂൺ 15 മുതൽ കൂടുതൽ സർവീസുകൾ ഉണ്ടാവുമെന്നും അതിൽ പരിഗണിക്കാമെന്നുമുള്ള സന്ദേശമാണ് കോൺസുലേറ്റ് അധികൃതർ യാത്രക്കാർക്ക് നൽകി കൊണ്ടിരിക്കുന്നത്. റൺവേയിൽ പണി നടക്കുന്നതിനാൽ രാത്രിയിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങുന്നതിന് അനുമതിയില്ലെന്ന സാങ്കേതിക കാരണം പറഞ്ഞാണ് നേരത്തെ നിശ്ചയിച്ചിരുന്ന വിമാനം മാറ്റി ചെറിയ വിമാനം ആക്കി മാറ്റിയതെന്നാണ് വിവരം.
ജിദ്ദയിൽ നിന്നുള്ള വലിയ വിമാനങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം കരിപ്പൂരിൽ ഇറങ്ങാൻ സൗകര്യമൊരുക്കണമെന്നും വിമാനങ്ങൾക്കുള്ള അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി കേന്ദ്രവ്യോമയാന മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. അന്യനാട്ടിൽ കുടുങ്ങിയ ഗർഭിണികളും വൃദ്ധരുമടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ തയാറാവണമെന്നും കേന്ദ്ര വ്യോമയാന മന്ത്രിക്കയച്ച കത്തിൽ കുഞ്ഞാലിക്കുട്ടി അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."