ജില്ലയ്ക്ക് മാതൃകയായി പുന്നപ്ര പൊലിസ് സ്‌റ്റേഷന്‍
പുന്നപ്ര: കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ അടിപൊളി പാര്‍ക്ക്, കുട്ടിസൈക്കിളും, പന്തും, ബലൂണും അങ്ങനെ മുറിനിറയെ കളിപ്പാട്ടങ്ങള്‍. മുറിയാണെങ്കിലോ കുട്ടിക്കൂട്ടങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളും പൂക്കളുടെയും കുട്ടികള്‍ പട്ടംപറത്തുന്നതിന്റെയും സുന്ദര ചുവര്‍ചിത്രങ്ങള്‍ കൊണ്ട് അലംകൃതവും. കുഞ്ഞുങ്ങളെ കിടത്തിയുറക്കാന്‍ തൊട്ടിലും.
പറഞ്ഞുവരുന്നത് ഏതെങ്കിലും അങ്കണവാടിയേകുറിച്ചല്ല. മുഖം മിനുക്കി ജില്ലയ്ക്ക് തന്നെ മാതൃകയായ പുന്നപ്ര പൊലിസ് സ്റ്റേഷനെകുറിച്ചാണ്. പുന്നപ്രയിലെ ജനമൈത്രി പൊലിസ് സ്റ്റേഷനാണ് കുട്ടികള്‍ക്ക് കളിക്കാന്‍ ഇടവും, സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും സഹായകേന്ദ്രങ്ങള്‍, കൗണ്‍സിലിങ് സെന്ററും ഒരുക്കി ജില്ലയിലെ ആദ്യ മാതൃകാ പൊലിസ് സ്‌റ്റേഷനാകുന്നത്.
ശിശുസൗഹൃദം
ശിശുസൗഹൃദ സ്റ്റേഷനോട് ചേര്‍ന്ന് കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. അമ്മമാരോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തുന്ന കുട്ടികള്‍ക്ക് പാര്‍ക്കില്‍ പോകുന്ന സന്തോഷമാകും ഇനി പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ ലഭിക്കുക. ചായമടിച്ചു കെട്ടിടങ്ങള്‍ക്ക് പുതുമ വരുത്തി, പ്രവേശന കവാടവും ചുറ്റുമതിലും നവീകരിച്ച് തറയോടുകള്‍ പാകി വ്യത്യസ്തമായ രീതിയിലാണ് സ്റ്റേഷന് പുതുമവരുത്തിയിരിക്കുന്നത്.
ഭിന്നശേഷിസൗഹൃദം
ഭിന്നശേഷിക്കാര്‍ക്കു സ്റ്റേഷനില്‍ അനായാസം കയറിയിറങ്ങാന്‍ പറ്റുന്ന രീതിയിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സ്റ്റേഷന് അകത്തുകടക്കാന്‍ റാമ്പ് ഒരുക്കി. ഭിന്നശേഷിസൗഹൃദ ശൗചാലയവും അവസാന ഘട്ടത്തിലാണ്.
സ്ത്രീസൗഹൃദവും വയോജന സൗഹൃദവും
പരാതി പറയാന്‍ സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ക്കായി സ്ത്രീ സൗഹൃദ ഹെല്പ് ഡെസ്‌ക് സ്റ്റേഷനില്‍ ഒരുക്കി. ഹെല്‍പ്ഡസ്‌കില്‍ ഒരു വനിതാപോലീസിന്റെ സേവനം സദാസമയവും ഉണ്ടാവും. സ്റ്റേഷനില്‍ എത്തുന്ന വയോജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സീനിയര്‍ സിറ്റിസണ്‍ ഹെല്പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.
കൗണ്‍സിലിങ് സെന്റര്‍
സ്റ്റേഷനു പരിധിയിലെ കുടുംബങ്ങളിലെ പ്രശ്‌നപരിഹാരത്തിനായി കൗണ്‍സിലിംഗ് സെന്റര്‍ ഒരുക്കി.
കൗമാരപ്രശ്‌നങ്ങള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കരിയര്‍ ഗൈഡന്‍സ്, കുടുംബപ്രശ്‌നങ്ങള്‍, മാനസിക ആരോഗ്യം, വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍, പുനരധിവാസം, പേരന്റിങ് തുടങ്ങിയവയ്ക്കാണ് സൗജന്യ കൗണ്‍സിലിംഗ് സേവനം ലഭ്യമാകുക. കുടുംബത്തിന് കൗണ്‍സിലിംഗിന് മുന്‍കൂട്ടി ഒരു ദിവസം നല്‍കും. കൗണ്‍സിലിങിന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നിയമ വിദഗ്ധര്‍, മറ്റ് പ്രമുഖര്‍ എന്നിവരുടെ സേവനമാണ് ലഭ്യമാകുക. കൗണ്‍സിലിങ് സെന്ററിനു പുറമെ പത്തുലക്ഷം രൂപ ചിലവഴിച്ചുള്ള ജനമൈത്രി ഹാളിന്റെ നിര്‍മാര്‍ണവും നടന്നു വരികയാണ്. സ്റ്റേഷന് മുന്നില്‍ രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രൊബേഷന്‍ കാലത്ത് പുന്നപ്ര പൊലിസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ ആയി ജോലി ചെയ്തിട്ടുണ്ട്. ഏതാനും മാസം മുന്‍പ് അമ്പലപ്പുഴയിലെത്തിയ അദ്ദേഹം സ്റ്റേഷനിലെ അസൗകര്യങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് 1969ല്‍ സ്ഥാപിതമായ സ്റ്റേഷന്റെ മുഖം മിനുക്കല്‍ നടപടികള്‍ ഉണ്ടായത്.
ജില്ലാ പൊലിസ് മേധാവി എസ്.സുരേന്ദ്രന്‍, ഡിവൈ.എസ്.പി. പി.വി.ബേബി, എസ്.ഐ. ആര്‍.ബിനു എന്നിവരുടെ മേല്‍നോട്ടത്തില്‍ കേരള പോലീസ് ആന്‍ഡ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നവീകരണ ജോലികള്‍ ചെയ്തത്. ജൂലൈ ഒന്നിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."