HOME
DETAILS
MAL
പൊലിസ് അതിക്രമത്തില്‍ കറുത്തവര്‍ഗക്കാരന്റെ മരണം യു.എസില്‍ വ്യാപക പ്രതിഷേധം
backup
May 29 2020 | 04:05 AM
വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരന്‍ പൊലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എസില്‍ പ്രതിഷേധം ശക്തമാകുന്നു. മിന്നിസോതയില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരനായ യുവാവ് കഴിഞ്ഞദിവസം പൊലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടിരുന്നു. യുവാവിനെ നിലത്ത് കിടത്തി പൊലിസ് കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കുറ്റക്കാരായ നാലു മിനിയാപോളിസ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തരും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. യു.എസില്‍ മിനിയാപോളിസ് തെരുവിലാണ് സംഭവം നടന്നത്. സംഭവത്തില്‍ നാല് പൊലിസുകാരെ മിനിയാപോളീസ് മേയര്‍ ജേക്കബ് ഫ്രേ പുറത്താക്കിയിരുന്നു. കറുത്ത വര്‍ഗക്കാര്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് മിനുട്ടില്‍ കൂടുതല്‍ സമയം പൊലിസ് ഓഫിസര്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ' താങ്കളുടെ മുട്ട് എന്റെ കഴുത്തിലാണ്. എനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നില്ല' എന്ന് ഫ്‌ളോയിഡ് പൊലിസിനോട് കരഞ്ഞു പറയുന്നത് വീഡിയോയില്‍ കാണാം.കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളര്‍ഡ് പീപ്പിള്‍ (എന്‍.എ.എ.സി.പി) ലെസ്ലി റെഡ്മണ്ട് പറഞ്ഞു. കയറില്ലാതെ ബന്ധനസ്ഥനാക്കി ഒരാളെ ആള്‍ക്കൂട്ടക്കൊല നടത്തുന്നതാണ് നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സഹോദരനെ കൊലപ്പെടുത്തിയവരെ ജയിലിലടയ്ക്കണമെന്ന് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ സഹോദരി ബ്രിഗെറ്റ് എ.ബി.സി ന്യൂസിന്റെ പരിപാടിയില്‍ പറഞ്ഞു.
ലോസ് ആഞ്ചല്‍സ്, കാലിഫോര്‍ണിയ വിവിധ നഗരങ്ങളില്‍ വ്യാപ പ്രതിഷേധം നടന്നു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ ഇതിന് മുന്‍പും അമേരിക്കയില്‍ വ്യാപകമായി പൊലിസ് അതിക്രമം നടന്നിട്ടുണ്ട്. മാര്‍ച്ച് 13നു ലൂയിസ്വില്ലയില്‍ പൊലിസുകാര്‍ കറുത്ത വര്‍ഗക്കാരിയായ ബ്രയോണ ടെയ്‌ലറിന്റെ വീട്ടില്‍ കയറി വെടിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."