ഓച്ചിറയില്‍ 13കാരിയെ തട്ടികൊണ്ടുപോയ സംഭവം: പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി
കരുനാഗപ്പള്ളി(കൊല്ലം): ഓച്ചിറയില്‍ രാജസ്ഥാന് സ്വദേശികളായ മാതാപിതാക്കളെ ആക്രമിച്ച് 13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി. ചങ്ങന്‍കുളങ്ങര സ്വദേശി വിപിന്‍, ഓച്ചിറ പായിക്കുഴി സ്വദേശി അനന്തു, ഓച്ചിറ മേമന സ്വദേശി പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്സോ ചുമത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വഴിയോരക്കച്ചവടക്കാരും രാജസ്ഥാന് സ്വദേശികളുമായ മാതാപിതാക്കളെ മര്ദിച്ചവശരാക്കിയ ശേഷം 13കാരിയായ മകളെ വലിയകുളങ്ങര സ്വദേശി മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൂടാതെ ഒരാഴ്ച മുന്‍പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ സംഘം ശ്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
പെണ്‍കുട്ടിയുമായി പ്രധാന പ്രതി ഓച്ചിറ സ്വദേശി മുഹമ്മദ് റോഷന് ബംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലിസ് പറയുന്നു. പ്രതി ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലിസിന് ലഭിച്ചു. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന് വരെ അനുഗമിച്ചുവെന്നും പൊലിസ് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ വേണ്ടി ബംഗളൂരുവില്‍ ഉള്ള കേരള പൊലിസ് സംഘം അവിടുത്തെ പൊലിസുമായി സഹകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ ഉടമ ഗോപിനാഥന്, കാര്‍ വാടകയ്ക്കെടുത്ത ബിബിന്‍ ബാബു എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."