സര്‍വകലാശാല ശമ്പളം നല്‍കുന്നില്ല; ദുരിതമൊഴിയാതെ സ്വാശ്രയ കോളേജ് അധ്യാപകര്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഇല്ലെന്ന ന്യായം കാണിച്ച് കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ സ്വാശ്രയ കോളജ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന പരാതി ഉയരുന്നു സര്‍വകലാശാല നേരിട്ട് നടത്തുന്ന 39 ഓളം സ്വാശ്രയ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏപ്രില്‍ മാസത്തിലെ ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല.
എന്നാല്‍ വി.സി ഇല്ലാത്തത് തടസ്സമാകാതെ സര്‍വകലാശാല ജീവനക്കാര്‍ക് കൃത്യമായി ശമ്പളം നല്‍കി വരുന്നതായും സ്വാശ്രയ അധ്യാപകര്‍ പറയുന്നു. ലോക്കഡൗണ്‍ പശ്ചാത്തലത്തില്‍ കലാവധി തീര്‍ന്ന എല്ലാ ജീവനക്കാര്‍ക്കും മാര്‍ച്ച് 31 ന് ശേഷം കരാര്‍ പുതുക്കി നല്‍കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം എടുത്തിരുന്നു.
പ്രസ്തുത തീരുമാന പ്രകാരം വൈസ് ചാന്‍സലര്‍ ഉത്തരവില്‍ ഒപ്പിടുകയും രജിസ്ട്രാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ സാങ്കേതിക വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ കാണിക്കുന്ന നിരുത്തരവാദിത്വപരമായ സമീപനമാണ് ശമ്പളം നല്‍കുന്നതിന് തടസ്സമാകുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് അധ്യാപകര്‍ക്ക് ശമ്പളം മുടക്കരുതെന്ന സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായാണ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരുടെ നിലപാട്.
സര്‍വകലാശാല നേരിട്ട് എന്‍ജിനീയറിങ്, ട്രൈയിനിങ് കോളജ് ഉള്‍പ്പടെ അന്‍പതോളം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് സെമസ്റ്റര്‍ മുന്നോടിയായി സര്‍വകലാശാല നേരത്തെ തന്നെ പിരിച്ചടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസില്‍ വകയിരുത്തിയാണ് ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത്.
സ്വാശ്രയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് മുടക്കമില്ലാതെ ശമ്പളം നല്‍കി വരുമ്പോഴാണ് അധ്യാപകരോട് സര്‍വകലാശാലയുടെ ഈ ക്രൂര വിനോദം. ഇത്തരം വിഷയങ്ങള്‍ കേരള, എം.ജി സര്‍വകലാശാലയില്‍ ഉണ്ടായിരുന്നെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപക ഫീസിനത്തില്‍ ലഭിച്ച ശമ്പളം അധ്യാപകര്‍ക്ക് നല്‍കാതെ സര്‍വകലാശാല വകമാറ്റി ചിലവഴിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. എ.അബ്ദുല്‍ വഹാബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."