ശീതളപാനീയ വില്‍പന: കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ശീതള പാനീയങ്ങളിലെ ഐസില്‍ നിന്ന് ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: അനധികൃതവും അനാരോഗ്യകരവുമായി ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്. അതിനാല്‍ ശുദ്ധമായ ജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ഉറപ്പു വരുത്താനായി പ്രത്യേക സ്‌ക്വാഡിനേയും നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കുപ്പിവെള്ളം, നാരങ്ങ വെള്ളം, സംഭാരം, കരിമ്പിന്‍ ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, കുലുക്കി സര്‍ബത്ത് തുടങ്ങിയ പല ശീതളപാനീയങ്ങള്‍ പാതയോരത്ത് സുലഭമാണ്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മലിനമായ ജലത്തില്‍ നിന്നുണ്ടാക്കുന്ന ഐസുകളില്‍ കോളിഫോം ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള പല ജലജന്യ രോഗങ്ങളും പിടിപെടാന്‍ സാധ്യതയുണ്ട്. ഇതിനെതിരേ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വൃത്തിഹീനമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കണം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ നന്നായി കഴുകണം. രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ജലജന്യ രോഗങ്ങളെല്ലാം തന്നെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ തന്നെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."