മേനി നടിച്ച് സംസ്ഥാനം നാട്ടിലെത്തിച്ചത് 9,796 മലയാളികളെ മാത്രം
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്ത് കുടുങ്ങിക്കിടന്ന ഒരു ലക്ഷം അതിഥി തൊഴിലാളികള്‍ ട്രെയിനില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ 9,796 മലയാളികളെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ട്രെയിനില്‍ നാട്ടിലെത്തിച്ചത്.
പതിനായിരത്തില്‍ താഴെ ആളുകളെ മാത്രം ട്രെയിനില്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടാണ് അതിഥി തൊഴിലാളികളെ മടക്കി അയച്ചതിന്റെ കണക്കുകാണിച്ച് സര്‍ക്കാര്‍ മേനിനടിക്കുന്നത്. സംസ്ഥാനത്തേക്ക് മലയാളികള്‍ക്ക് മടങ്ങിയെത്താന്‍ ആവശ്യമായ ട്രെയിന്‍ സര്‍വിസുകള്‍ക്ക് അനുവാദം നല്‍കാതെയാണ് കണക്കു പറഞ്ഞുള്ള കേരളത്തിന്റെ ഇപ്പോഴത്തെ നടപടി.
ഇതുവരെ 76 ശ്രമിക് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടത്. മറ്റു സംസ്ഥാനങ്ങള്‍ കൂടി മുന്‍കൈയെടുത്താണ് ഇതര സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ഇത്രയും ട്രെയിനുകള്‍ സര്‍വിസ് നടത്തിയത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്താന്‍ സ്വന്തം നിലയില്‍ വാഹനമേര്‍പ്പാടാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് റോഡ് മാര്‍ഗം 1,00,572 പേര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തി.
വിമാനത്താവളം വഴി 19,662 പേരും തുറമുഖം വഴി 1621 പേരും ഉള്‍പ്പടെ സംസ്ഥാനത്തേക്ക് ആകെ മടങ്ങിയെത്തിയവര്‍ 1,31,651 പേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."