പരമ്പരാഗത സ്വത്ത് കൈമാറ്റം: വില്‍പത്രമെഴുതാത്തത് പ്രശ്‌നങ്ങളുണ്ടാക്കുന്നു: വനിതാ കമ്മിഷന്‍
മലപ്പുറം: പരമ്പരാഗത സ്വത്ത് അര്‍ഹരായ എല്ലാവര്‍ക്കും നിയമപ്രകാരം വീതിച്ച് നല്‍കാത്തതിനെത്തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീനാ റഷീദ് പറഞ്ഞു. മലപ്പുറം കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ച കേസുകള്‍ വിലയിരുത്തുകയായിരുന്നു കമ്മിഷന്‍ അംഗം. 52 കേസുകള്‍ പരിഗണിച്ചതില്‍ ഭൂരിഭാഗവും അര്‍ഹമായ സ്വത്ത് ലഭിച്ചില്ലെന്നത് സംബന്ധിച്ചായിരുന്നു. മാതാപിതാക്കള്‍ രണ്ടാമതു വിവാഹം കഴിക്കുമ്പോള്‍ ആദ്യ വിവാഹത്തിലുള്ള മക്കള്‍ക്ക് സ്വത്തോ സംരക്ഷണമോ ലഭിക്കാതെ വാര്‍ധക്യം വരെ ബുദ്ധിമുട്ടനുഭവിച്ചു ജീവിക്കേണ്ട സ്ഥിതി വരുന്നുണ്ട്. 80 വയസായ സ്തീ 90 വയസായ ഭര്‍ത്താവുമൊത്ത് അദാലത്തിനെത്തിയത് ഇത്തരത്തിലുള്ള അവകാശം ഉന്നയിച്ചാണ്. മാതാവിന്റെ രണ്ടാം ഭര്‍ത്താവിലുള്ള മക്കള്‍ വളരെ സുഖകരമായി ജീവിക്കുമ്പോള്‍ വാര്‍ധക്യത്തിലും ബി.പി.എല്‍ കാര്‍ഡ് മാത്രമാണ് ഇവര്‍ക്ക് ആശ്രയം. ഇത്തരം അസന്തുലിതാവസ്ഥ ഒഴിവാക്കണമെങ്കില്‍ പൊതുജനങ്ങളുടെ മനോഭാവം തന്നെ മാറണമെന്നും നിയമത്തിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്നും കമ്മിഷന്‍ അംഗം പറഞ്ഞു. അതിനാല്‍ പാരമ്പര്യമായി ലഭിക്കേണ്ട സ്വത്ത് വിഹിതം ചോദിച്ച് വാങ്ങേണ്ട സ്ഥിതി വരുത്താതെ വില്‍പത്രമെഴുതാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ വളര്‍ന്ന് സാമൂഹിക പ്രശ്‌നങ്ങളാവാതിരിക്കാനാണ് ഇത്തരത്തില്‍ നിയമപരമായ സാധ്യതകളുള്ളത്. അതിനാല്‍ വരും തലമുറയ്ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ യഥാസമയം വില്‍പത്രമെഴുതാനും ന്യായമായ വിഹിതം എല്ലാവര്‍ക്കും ഉറപ്പാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.
അദാലത്തില്‍ പരിഗണിച്ച 52 കേസുകളില്‍ 27 എണ്ണം ഒത്തുതീര്‍പ്പാക്കി. മൂന്നു കേസുകള്‍ കമ്മീഷന്റെ ഫുള്‍ ബെഞ്ച് പരിഗണിക്കും. രണ്ടു കേസുകള്‍ കൂടുതല്‍ അന്വേഷണത്തിനായി പൊലിസിനു കൈമാറി. 20 കേസുകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ ഹാജരാവാതിരുന്നതിനാലും മറ്റു കാരണങ്ങളാലും മാറ്റിവെച്ചു. അഡ്വ. കെ.വി ഹാറുന്‍ റഷീദ്, കെ. സൗദാബി, വനിതാ സെല്‍ എ.എസ്.ഐ. എം.കെ ഇന്ദിരാമണി, ടി. പ്രഭ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."