കത്താത്ത തെരുവുവിളക്കുകള്‍; കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം
കോഴിക്കോട്: തെരുവുവിളക്കുകള്‍ കത്താത്തതിനെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ബഹളം. ശ്രദ്ധക്ഷണിക്കല്‍ വേളയിലാണു തെരുവുവിളക്കിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ഒടുവില്‍ മേയര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. ശാശ്വത പരിഹാരത്തിനു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിക്കുള്ള താല്‍പര്യപത്രം ക്ഷണിക്കാനുള്ള അജന്‍ഡക്കും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
മുസ്‌ലിം ലീഗിലെ ശമീല്‍ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിലൂടെയാണു തെരുവുവിളക്കുകള്‍ വീണ്ടും കൗണ്‍സിലിന്റെ ചര്‍ച്ചക്കു വന്നത്. 60 ശതമാനം വിളക്കുകളും കത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഇ.ഡിയും സോഡിയം വേപ്പര്‍ ലാമ്പുകളും കത്തുന്നില്ലെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടപ്പോള്‍ തങ്ങളുടെ വാര്‍ഡില്‍ ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാദം. സ്ഥാപിച്ച ശേഷം ഒന്നര മാസം മാത്രമാണു ബള്‍ബുകള്‍ കത്തുന്നത്. റിപ്പയറിങ്ങും കൃത്യമായി നടക്കുന്നില്ല. എന്നാല്‍ കോര്‍പറേഷന്‍ പണം അടക്കാത്തതു കൊണ്ടാണു റിപ്പയറിങ് നടത്താത്തതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. നാട്ടുകാര്‍ ചോദിക്കുമ്പോള്‍ കൗണ്‍സിലര്‍ പറയട്ടെ എന്നാണു കെ.എസ്.ഇ.ബിയുടെ നിലപാടെന്നു കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പരാതികള്‍ പൂര്‍ണമായും ശരിയല്ലെന്നു ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാരും സ്ഥിരംസമിതി അധ്യക്ഷ ലളിത പ്രഭയും പറഞ്ഞു. കൗണ്‍സിലര്‍മാരുടെ ഭാഗത്തു വീഴ്ചകളുണ്ട്. പുതിയ വിളക്കുകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്തിട്ടും അതിന്റെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ താമസം വരുത്തുന്ന കൗണ്‍സിലര്‍മാരുമുണ്ട്. 3800 എല്‍.ഇ.ഡി ലൈറ്റുകള്‍ വിവിധ വാര്‍ഡുകളിലായി നല്‍കുന്നുണ്ട്. കെ.എസ്.ഇ.ബിയില്‍ അടക്കാനുള്ള പണം അടച്ചതായും അവര്‍ പറഞ്ഞു.
എന്‍.ഐ.ടി അടക്കമുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയാണു ബള്‍ബുകള്‍ വാങ്ങുന്നത്. കെ.എസ്.ഇ.ബിയുടെ എല്ലാ സെക്ഷനുകളിലും അതതു പ്രദേശത്തെ കൗണ്‍സിലര്‍മാരെ വിളിച്ചുചേര്‍ത്ത് യോഗം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അതുകഴിയുന്ന മുറക്കു കോര്‍പറേഷന്‍ തലത്തിലും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും യോഗം ചേരുമെന്നും മേയര്‍ ചര്‍ച്ചക്കു മറുപടിയായി പറഞ്ഞു.
മഴക്കാലമായതിനാല്‍ ജോലി ഭാരവും ജീവനക്കാരുടെ കുറവും കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. നഗരത്തിലെ 38,500 ലൈറ്റുകള്‍ കേന്ദ്രീകൃത നിയന്ത്രണ നിര്‍വഹണത്തിലൂടെ പത്തു വര്‍ഷത്തേക്കു തുടര്‍ച്ചയായി കത്തിക്കാനും പരിപാലിക്കാനുമുള്ള താല്‍പര്യപത്രം ക്ഷണിക്കാനുള്ള അജന്‍ഡയും കൗണ്‍സില്‍ പാസാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിടുന്നതിനു ടെലികോം സേവന ദാതാക്കളില്‍നിന്നു പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കിലുള്ള റോഡ് കട്ടിങ് ആന്‍ഡ് റിസ്റ്റോറേഷന്‍ ചാര്‍ജ് മാത്രമേ ഈടാക്കാവൂ എന്നും മറ്റു ഫീസുകള്‍ ഈടാക്കരുതെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് പ്രമേയം വഴി ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
ലോറി ഉടമകളുടെയും കമ്മിഷന്‍ ഏജന്റുമാരുടെയും തടസവാദങ്ങളാണു സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ് മാറ്റുന്നത് നീണ്ടുപോകുന്നതെന്നു മേയര്‍ പറഞ്ഞു. ബീച്ച് സൗന്ദര്യവല്‍ക്കരണം വരുന്നതോടെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ നടത്തുന്ന പരിശോധന കര്‍ശനമായി തുടരണമെന്നു മേയര്‍ നിര്‍ദ്ദേശിച്ചു. നഗരസഭ നടത്തിയ പരിശോധനകളില്‍ ഇതുവരെ മായം കണ്ടെത്താത്ത സാഹചര്യത്തില്‍ ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കണമെന്നും മത്സ്യക്കച്ചവടം കുറഞ്ഞതിനാല്‍ തൊഴിലാളികള്‍ പ്രയാസത്തിലാണെന്നു കാണിച്ച് എം. മൊയ്തീന്‍ നല്‍കിയ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് ഈ നിര്‍ദേശം നല്‍കിയത്.
ഇറക്കുമതി ചെയ്യുന്ന മത്സ്യത്തില്‍ മാത്രമല്ല, ഇവിടെനിന്ന് പിടിക്കുന്ന മത്സ്യങ്ങളിലും വിഷം കലര്‍ത്താമെന്നും മേയര്‍ പറഞ്ഞു. ബോട്ടില്‍ പിടിച്ചും വിഷം കുത്തിവയ്ക്കാം. ഗുരുതരമായ വിഷമാണ് കുത്തിവയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ബാധ്യതയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും ആവശ്യമായ നടപടികളെടുക്കണമെന്നും മേയര്‍ നിര്‍ദേശിച്ചു. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലും ഉന്തുവണ്ടികളിലും കൂടുതല്‍ വ്യാപകമായ പരിശോധന നടത്തുമെന്ന് ഇതുസംബന്ധിച്ച പ്രശാന്ത് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മേയര്‍ അറിയിച്ചു.
ബേപ്പൂര്‍ ഗോതീശ്വരം കടല്‍ഭിത്തി സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. പ്ലാസ്റ്റിക് കപ്പുകള്‍ വഴിയുള്ള മാലിന്യങ്ങള്‍ വ്യാപകമാകുന്നതിനെ കുറിച്ച് സീനത്തും ശ്രദ്ധക്ഷണിച്ചു. ഇതു നിരോധിക്കുന്നതിന് സര്‍ക്കാര്‍ നിയമം തടസമാണെന്നും മേയറും ഹെല്‍ത്ത് ഓഫിസറും അറിയിച്ചു. ലയണ്‍സ് പാര്‍ക്കിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നജ്മയും നെല്ലക്കോട് കാച്ചിലാട്ട് ഭാഗത്തെ ഹമ്പ് പുനസ്ഥാപിക്കണമെന്ന് എം.കെ രാധാകൃഷ്ണനും ശ്രദ്ധക്ഷണിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."