അമ്മ നേതൃത്വത്തിനെതിരേ പാര്‍വതിയും പത്മപ്രിയയും
കൊച്ചി: താരസംഘടനയ്‌ക്കെതിരേ വീണ്ടും ആഞ്ഞടിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ (ഡബ്ല്യു.സി.സി) അംഗങ്ങളായ പാര്‍വതിയും പത്മപ്രിയയും. പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സംഘടനാ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും അവര്‍ തുറന്നടിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പുതിയ നേതൃത്വത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ചില ആളുകളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരികയായിരുന്നു. പലരുടെയും നോമിനികളെയാണ് ഇപ്പോള്‍ സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരേ മത്സരിക്കാന്‍ പാര്‍വതിയെ അനുവദിച്ചില്ല. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരിക്കും എന്ന കാരണം പറഞ്ഞ് നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഈ വിവരങ്ങള്‍ കാണിച്ച് ഇരുവരും അമ്മയ്ക്ക് കത്തെഴുതിയതായാണ് സൂചന. നടിമാര്‍ക്കായി ലൊക്കേഷനുകളില്‍ ശുചിമുറികള്‍ വേണമെന്ന ആവശ്യം പാര്‍വതി സംഘടനയ്ക്കുള്ളില്‍ ഉന്നയിച്ചെങ്കിലും അഭിപ്രായം വോട്ടിനിട്ട് തീരുമാനിക്കാം എന്ന നിലപാടാണ് സംഘടന കൈക്കൊണ്ടത്. സ്ഥാനാര്‍ഥികളുടെ എണ്ണമനുസരിച്ച് ജനറല്‍ ബോഡിയില്‍ ശബ്ദവോട്ടോടെയോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നാണ് അമ്മയുടെ ബൈലോയില്‍ പറയുന്നത്. എന്നാല്‍ പുതിയ ഭാരഭാഹികളെ എന്ത് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നും ഇവര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."