ഏലക്ക ഇ-ലേലം മുടങ്ങുന്നു: വില ഇടിക്കാനുള്ള തന്ത്രമെന്നു കര്‍ഷകര്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: ഏലക്ക ഇ-ലേലം തുടര്‍ച്ചയായി മുടങ്ങുന്നു. മാര്‍ച്ച് 28 ന് ലേലം പുനരാരംഭിച്ചെങ്കിലും തമിഴ്‌നാട് ഏജന്‍സി പ്രതിനിധികളും ജീവനക്കാരും നിരന്തരം വിട്ടുനില്‍ക്കുന്നത് കാരണം ലേലം മുടങ്ങുകയാണ്.
എന്നാല്‍ ലോക്ക്ഡൗണിന്റെ മറവില്‍ ലേലം മുടക്കി ഏലക്ക വില ഇടിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിനു പിന്നിലെന്നു ആക്ഷേപമുയരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ഉയര്‍ന്ന വില 2410 രൂപയും ശരാശരി വില 1769.93 രൂപയുമാണ് രേഖപ്പെടുത്തിയത്. ലോക്ക് ഡൗണിനുമുമ്പ് കഴിഞ്ഞ മാര്‍ച്ച് 19ന് നടന്ന അവസാനലേലത്തില്‍ ഉയര്‍ന്ന വില 3198 രൂപയും ശരാശരി വില 2359.62 രൂപയുമായിരുന്നു. ലോക്ക്ഡൗണില്‍ ഉല്‍പന്നം വിറ്റഴിക്കാനാകാത്ത കര്‍ഷകര്‍, ഇ-ലേലം പുനരാരംഭിക്കുമ്പോള്‍ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ ലേലത്തില്‍ പങ്കെടുത്തെങ്കില്‍ മാത്രമേ വിലയില്‍ മുന്നേറ്റമുണ്ടാകൂവെന്നാണ് വിലയിരുത്തല്‍.തുടര്‍ച്ചയായി ലേലം മുടങ്ങിയാല്‍ ഏലക്കവില വീണ്ടും കുറയും. ലോക്ക് ഡൗണ്‍ കാരണം വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ സംഭരിച്ചിട്ടുള്ള ഏലക്ക കുറഞ്ഞവിലയ്ക്ക് കൈക്കലാക്കാന്‍ ചില വ്യാപാര ലോബിയും ശ്രമം നടത്തുന്നതായി ആക്ഷേപമുണ്ട്.
പുതിയ ഏലക്കാ സീസണ്‍ ആരംഭിക്കുന്നതോടെ നിലവില്‍ കര്‍ഷകരുടെ കൈവശമുള്ള ഉല്‍പന്നം കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.
കൂടാതെ കര്‍ഷകരുടെ കൈവശം സ്‌റ്റോക്ക് വര്‍ധിക്കുമ്പോള്‍, പിന്നീട് നടക്കുന്ന ലേലത്തില്‍ കൂടുതല്‍ അളവില്‍ ഉല്‍പന്നം വില്‍പനയ്ക്ക് എത്തും.
അപ്പോള്‍ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഉല്‍പന്നം കൈക്കലാക്കാനും വ്യാപാര ലോബി ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായാണ് ജീവനക്കാര്‍ എത്താത്തതിന്റെ പേരില്‍ ലേലം മുടക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. ഈ മാസം അവസാനത്തോടെ പുതിയ ഏലക്കാ സീസണ്‍ ആരംഭിക്കും.
പുതിയ ഏലക്കാ സീസണ്‍ ആരംഭിക്കാനിരിക്കെ തൊഴിലാളികളില്ലാത്തത് കര്‍ഷകരെ വലയ്ക്കുന്നു.
ഭൂരിഭാഗം തോട്ടങ്ങളിലും തമിഴ് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. കവാത്ത്, വളമിടീല്‍, കീടനാശിനി തളിക്കല്‍ തുടങ്ങിയവ പൂര്‍ത്തിക്കേണ്ട സമയം കഴിഞ്ഞെങ്കിലും തൊഴിലാളികളുടെ അഭാവം ജോലികള്‍ വൈകിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."