ലൈഫ് പദ്ധതി: കോട്ടായി പഞ്ചായത്തില്‍ 450 പേരുടെ അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറായി
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളം മിഷന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായി കോട്ടായി പഞ്ചായത്തില്‍ 450 പേര്‍ക്ക് വീട് നല്‍കാനുള്ള അന്തിമ ഗുണഭോക്തൃ പട്ടിക കോട്ടായി ഗ്രാമ പഞ്ചായത്ത് തയ്യാറാക്കി. ലൈഫ് പദ്ധതിയുടെ ഭാഗമായി 160 പേര്‍ക്ക് വീടും 290 പേര്‍ക്ക് വീടും സ്ഥലവും നല്‍കാനുള്ള ഗുണഭോക്ത പട്ടികയാണ് പഞ്ചായത്ത് തയ്യറാക്കിയിട്ടുള്ളത്. ഇത് കൂടാതെ നിര്‍മാണം പൂര്‍ത്തിയാവാത്ത അഞ്ച് വീടുകള്‍ പൂര്‍ത്തിയാക്കാനും ഫണ്ട് അനുവദിച്ചു. ഈ ഭവനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ 53,57,800 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 6.29 കോടിയുടെ 178 പദ്ധതികളാണ് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലായി വികസനത്തിന്റെ സമസ്ത മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കോട്ടായി ഗ്രാമ പഞ്ചായത്ത് നടത്തിയത്. 2017-2018 വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി സമഗ്ര മേഖലയിലെ വികസനം ലക്ഷ്യമിട്ട് 268 പദ്ധതികള്‍ക്ക് 4.64 കോടി ചെലവഴിച്ചു.
ഉത്പാദന മേഖലയില്‍ കൃഷിയുടെ പ്രോത്സാഹനത്തിനായി ആറു പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. ഇതിനായി 27 ലക്ഷം ചെലവാക്കി. നെല്‍വിത്ത്, ജൈവവളം, ജൈവ പച്ചക്കറി, വാഴ, പച്ചക്കറി വിത്ത്, തൈകള്‍, ഗ്രോ ബാഗ് എന്നിവ വിതരണം ചെയ്തു. ആരോഗ്യ മേഖലയുടെ പുരോഗതിക്കായി 17 ലക്ഷത്തിന്റെ 14 പദ്ധതികളാണ് രൂപീകരിച്ചത്. കോട്ടായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കുള്ള കാത്തിരിപ്പുമുറി, പരിശോധനമുറികള്‍ എന്നിവ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ചു.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് പഠന മുറിയടക്കം 12 പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പഞ്ചായത്ത് നടപ്പാക്കിയത്. ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിന് മൂന്ന്, സാമൂഹിക ക്ഷേമത്തിനായി 14, കുടിവെള്ളം വിതരണം നടത്താന്‍ 33 പദ്ധതികള്‍ നടപ്പാക്കി. പ്രദേശവാസികളുടെ യാത്രാ ദുരിതം ഇല്ലാതാക്കാന്‍ റോഡുകളുടെ വികസനത്തിനായി 1.88 കോടി ചെലവില്‍ 110 പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.
2016-17ല്‍ 6.17 കോടിയുടെ 175 പദ്ധതികളാണ് നടപ്പാക്കിയത്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 52 ലക്ഷം ചെലവില്‍ നാലു പദ്ധതികളും നടപ്പാക്കി. പഞ്ചായത്തിന്റെ അടിസ്ഥാന വികസനം ലക്ഷ്യമാക്കി റോഡുകള്‍ നിര്‍മിക്കാനും നവീകരിക്കാനും 47 ലക്ഷം ചെലവഴിച്ചു. കുടിവെള്ള വിതരണം, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസക്കരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകള്‍ക്കായി 88 ലക്ഷം ചെലവഴിച്ച് 38 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
കുടിവെള്ളക്ഷാമം പരിഹരിച്ച് പുതുപ്പരിയാരം
പാലക്കാട്: വാര്‍ഡുകള്‍തോറും തോടുകളും കനാലുകളും കിണറുകളും നിര്‍മിച്ച് പുതുപ്പരിയാരം പഞ്ചായത്ത് കുടിവെള്ള ക്ഷാമം വിജയകരമായി പരിഹരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍ തോറും തോടുകള്‍, കനാലുകള്‍, കുളം നിര്‍മാണം-പുനരുദ്ധാരണം, തരിശുഭൂമി വികസനമുള്‍പ്പെടെയാണ് നടപ്പാക്കി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 168 കുളങ്ങളാണ് പുതിയതായി നിര്‍മിച്ചത്. അഞ്ചു കുളങ്ങള്‍ പുനരുദ്ധാരണം ചെയ്തു. മുട്ടിക്കുളങ്ങര കെ.എ.പി പോലിസ് കാംപില്‍ മൂന്ന് കുളങ്ങള്‍ കുഴിച്ചിട്ടുണ്ട്. രണ്ട് കുളങ്ങളില്‍ മത്സ്യകൃഷി ചെയ്തു വരികയാണ്. അഞ്ച് കി.മീ. നീളത്തില്‍ കോണ്ടൂര്‍ ട്രഞ്ചുകള്‍ പൂര്‍ത്തിയാക്കി. എഫ്.സി.ഐ കോംപൗണ്ടിനുള്ളിലും രണ്ട് കുളങ്ങള്‍ നിര്‍മിച്ചു. 1822 കുടുംബങ്ങളാണ് പദ്ധതിയില്‍ ജോലി ചെയ്യുന്നത്. 340 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി. പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രദേശങ്ങളില്‍ രണ്ടു കുളങ്ങള്‍ നിര്‍മിച്ചതിലൂടെ പ്രദേശത്ത് രജിസ്റ്റര്‍ ചെയ്ത 25 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും ജലക്ഷാമം പരിഹരിക്കാനും സാധിച്ചു.
പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും മലമ്പുഴ വെള്ളം എത്തിക്കുന്നതിന് കിഫ്ബിയുമായി ചേര്‍ന്ന് 75 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ മേഖലയിലെ നാലു പഞ്ചായത്തുകള്‍ക്ക് സുലഭമായി കുടിവെള്ളം ലഭ്യമാവും. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഉഴവുകൂലി, നെല്‍വിത്ത്, ജൈവവളം എന്നിവ 3028699 രൂപ ചെലവഴിച്ച് സബ്‌സിഡി നിരക്കില്‍ നല്‍കി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വാഴ, പച്ചക്കറി വിത്ത്, തൈകള്‍ എന്നിവ വിതരണം ചെയ്തു. ഗ്രോ ബാഗ്, അടുക്കളത്തോട്ടങ്ങള്‍, തെങ്ങുകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാലു ലക്ഷത്തോളം ചെലവഴിച്ചു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷകരെ സഹായിക്കുന്നതിന് തൊഴില്‍ സേന രൂപവത്കരിക്കുകയും പരിശീലനം നല്‍കുന്നതിനും യന്ത്രവത്കരണം നടത്തുന്നതിനുമായി 17 ലക്ഷം വകയിരുത്തി. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ സമഗ്ര നെല്‍-തെങ്ങ്-പച്ചക്കറി വികസനം എന്നിവയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ രൂപവത്കരിച്ച് നടത്തിവരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളമിഷനില്‍ ഒന്നായ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. എല്ലാ സൗകര്യങ്ങളും ഏര്‍പെടുത്തിയ ആശുപത്രി രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ പ്രവര്‍ത്തിച്ചു വരുന്നു. മൂന്നു ഡോക്ടര്‍മാരും ആവശ്യത്തിന് പാരാമെഡിക്കല്‍ ജീവനക്കാരും ഈ സമയങ്ങളില്‍ സജ്ജമാണ്. പുതിയ ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ക്കായി 20 ലക്ഷം ചെലവഴിച്ചു. രോഗികള്‍ക്കുള്ള കാത്തിരിപ്പുമുറി, പുതിയ പരിശോധനമുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ നവീകരിച്ചു. ശിശു -സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ ഉടനെ നിര്‍മിക്കും
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് പദ്ധതി പ്രകാരം 260 പേര്‍ക്ക് വീട് നല്‍കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. ഭവന നിര്‍മാണത്തിനാവശ്യമായ ആദ്യ ഗഡു ഉടനെ വിതരണം ചെയ്യും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാവില്‍പ്പാട് ജി.എല്‍.പി സ്‌കൂളില്‍ 40 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി. പഠന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക ട്യൂഷന്‍ പദ്ധതിയും നടപ്പാക്കുന്നു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകള്‍, പഠനോപകരണങ്ങള്‍, പഠനമുറി എന്നിവ നല്‍കി.
പശ്ചാത്തല വികസനത്തിന്റെ ഭാഗമായി പുതുപ്പരിയാരം ഗ്രാമപഞ്ചായത്തില്‍ 21 വാര്‍ഡുകളിലായി 3000 തെരുവുവിളക്കുകള്‍ പ്രവര്‍ത്തനയോഗ്യമാക്കി. തെരുവുവിളക്ക് ഇല്ലാത്ത ഇടങ്ങളില്‍ ലൈന്‍ വലിച്ചു പുതിയവ സ്ഥാപിക്കുന്നുണ്ട്. 2016-17 വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെട്ട എട്ടു റോഡുകളുടെയും ഒരു സൈഡ് ഭിത്തി നിര്‍മാണത്തിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. കാവില്‍പ്പാട് ഗ്യാസ് ക്രിമറ്റോറിയത്തിനായി സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായി 65 ലക്ഷമാണ് വകയിരുത്തിയത്.
പട്ടികജാതി വിഭാഗക്കാരായ യുവാക്കള്‍ക്ക് ഓട്ടോറിക്ഷ, പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്, വികലാംഗര്‍ക്ക് വീട്, കോളനികളില്‍ കുടിവെള്ള പദ്ധതികകളും വിജയകരമായി നടത്തിവരുന്നു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി കോളനികളില്‍ കുടിവെള്ള പദ്ധതികള്‍, വീടുകളുടെ പുനരുദ്ധാരണം, വയോജനങ്ങള്‍ക്ക് പോഷകാഹാരം, മെഡിക്കല്‍ കാംപ് വഴി മരുന്നുവിതരണം എന്നിവയും നടപ്പാക്കുന്നു.
ഏഴാം വാര്‍ഡില്‍ 20 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയില്‍ പകല്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇവര്‍ക്ക് ചായ, ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നല്‍കുന്നുണ്ട്. ടി.വി. കാണാനും വായിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഐ.ആര്‍.ടി.സി.യുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പ്ലാന്റ് നിര്‍മാണത്തിനായി നാലുലക്ഷം വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."