കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; മുഖ്യപ്രതിയെന്നു സംശയിക്കുന്നയാള്‍ പിടിയില്‍
കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്നയാള്‍ പിടിയില്‍.താഴയങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23)നെയാണ് അറസ്റ്റ് ചെയ്തത്.പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്.പി അറിയിച്ചു. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.കാറുമായി പമ്പിലെത്തിയപ്പോഴുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് പ്രതി ദമ്പതിമാരെ ആക്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു.
പെട്ടെന്നുള്ള പ്രകോപനമാണ് കൊലക്ക് കാരണമെന്നാണ് പറയുന്നത്. തെളിവ് നശിപ്പിക്കാനായി പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ടു.
ഇയാള്‍ക്ക് ഈ കുടുംബം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കാറുണ്ടായിരുന്നു. കുറ്റകൃത്യം നടത്തിയ ദിവസം വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. അന്നും ഇയാള്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. അത് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിരുന്നു. ആലപ്പുഴ കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പൊലിസിന്റെ നിരീക്ഷണ വലയത്തില്‍ ഉണ്ടായിരുന്നു.
കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച മാത്രമല്ല എന്ന സൂചന പൊലിസ് നേരത്തെതന്നെ നല്‍കിയിരുന്നു. കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒരാള്‍ മാത്രമാണ് നിലവില്‍ കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തിന്റെ ഭാഗമായി ചിട്ടിക്കമ്പനി ഉടമകളും പലിശയ്ക്ക് പണം കൊടുക്കുന്നവരും അടക്കം എട്ടോളം പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. അതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിച്ചത്.
തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ കാര്‍ കണ്ടെത്തുന്നതിനായി ജില്ലയ്ക്ക് പുറത്തേക്ക് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."