അറസ്റ്റിലായ 'പുല്‍വാമ സൂത്രധാരന്‍' ഡല്‍ഹിയില്‍ ഷാള്‍ കച്ചവടക്കാരന്‍, സജ്ജാദ് അഹമ്മദ് ഖാന്‍ നിരപരാധിയെന്നും പിതാവ്
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ ആസൂത്രകനെന്നാരോപിച്ച് അറസ്റ്റ് ചെയത കശ്മീരി യുവാവ് സജ്ജാദ് അഹമ്മദ് ഖാന്‍ ഒരു മാസത്തിലധികമായി പോലിസിന്റെ കസ്റ്റഡിയിലായിരുന്നുവെന്ന് പിതാവ് ഗുലാംനബി ഖാന്‍. 27കാരനായ സജ്ജാദിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തുവെന്നും ഡല്‍ഹിയില്‍ ജയ്‌ഷെ മുഹമ്മദിന്റെ സ്ലീപ്പര്‍ സെല്ലുണ്ടാക്കാനാണ് സജ്ജാദ് വന്നതെന്നുമാണ് ദേശീയ അന്വേഷണ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എന്‍.ഐ.എ നുണ പറയുകയാണെന്ന് ഗുലാംനബി ഖാന്‍ പറയുന്നു. ഡല്‍ഹിയില്‍ കശ്മീരി ഷാള്‍ കച്ചവടം നടത്തിവരികയായിരുന്ന സജ്ജാദ് അഹമ്മദ് ഖാനെ ഫെബ്രുവരി 16ന് ഡല്‍ഹി ഗേറ്റിനടുത്ത് വച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഖാന്‍ പറയുന്നു. പുല്‍വാമ ആക്രമണം നടന്നത് ഫെബ്രുവരി 14നാണ്. തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ നിന്ന് നിരവധി കശ്മീരി യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളാണ് സജ്ജാദ്.
മകന്‍ അറസ്റ്റിലായതറിഞ്ഞ് താന്‍ ഡല്‍ഹിയിലെത്തി മകനെ കാണാന്‍ ശ്രമിച്ചുവെന്നും ഗുലാംനബി വ്യക്തമാക്കി. ലോധി ഗാര്‍ഡനിലെ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേത്തിയ തന്നോട് മകന്‍ അവരുടെ കസ്റ്റഡിയിലുള്ള കാര്യം പോലിസ് സമ്മതിച്ചു. എന്നാല്‍ കാണാന്‍ സമ്മതിച്ചില്ല. കാണണമെങ്കില്‍ നാളെ വരാന്‍ പറഞ്ഞു. പിറ്റേന്ന് ചെന്നപ്പോഴും ഇത് ആവര്‍ത്തിച്ചു. ഒരു മാസമായി ഇതുതന്നെയാണ് നടക്കുന്നതെന്നും തനിക്ക് അവനെ കാണാന്‍ കഴിഞ്ഞില്ലെന്നും പിതാവ് പറഞ്ഞു. തന്റെ മകന് ജയ്ഷുമായി ബന്ധമില്ല. അവന്റെ രണ്ടു സഹോദരങ്ങള്‍ സായുധസംഘടനാംഗങ്ങളായിരുന്നു. അവര്‍ കശ്മീരില്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണ്. അതിനര്‍ത്ഥം സജ്ജാദും സായുധസംഘടനയില്‍ അംഗമാണെന്നല്ല. സജ്ജാദിനെ നാളെ വിടാമെന്നാണ് ഓരോ തവണ ചെല്ലുമ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരുന്നതെന്നും ഗുലാംനബി പറഞ്ഞു. പിതാവ് പറഞ്ഞതിനെക്കുറിച്ച് മാധ്യമങ്ങള്‍ എന്‍ഐ.എയോട് ആരാഞ്ഞെങ്കിലും അവര്‍ പ്രതികരിച്ചില്ല.
ഈ മാസം 22നാണ് സജ്ജാദ് അറസ്റ്റിലായതെന്നാണ് എന്‍.ഐ.എ വാദം. പുല്‍വാമയിലെ ഹാങ്്ദ്വാര സ്വദേശിയായ സജ്ജാദിന് ജയ്ഷിന്റെ ഉന്നത നേതൃത്വവുമായി ബന്ധമുണ്ടെന്നും ഡല്‍ഹിയില്‍ അവര്‍ക്ക് രഹസ്യതാവളമൊരുക്കാനാണ് സജ്ജാദിനെ അയച്ചതെന്നുമാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്. യുഎപിഎ പ്രകാരം അറസ്റ്റിലായ സജ്ജാദിനെ കോടതി 29വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."