വേണം പാരിസ്ഥിതിക സുരക്ഷ
1988ല്‍ ആണെന്നുതോന്നുന്നു, ഞങ്ങള്‍ ഒരു ചെറു സംഘം യുവാക്കള്‍ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പരിപാടിയുടെ (യു.എന്‍.ഇ.പി) തലവനായ ഡോ. മുസ്തഫ തോള്‍ബറയെ കാണാന്‍ പോയി. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പരിസ്ഥിതി നശീകരണ കാര്യങ്ങളെപറ്റി ഉത്കണ്ഠയോടും രോഷത്തോടും അദ്ദേഹത്തോടു സംസാരിച്ചു. ക്ഷമാപൂര്‍വം ഞങ്ങളെ കേട്ട ശേഷം അദ്ദേഹം സൗമ്യമായി പറഞ്ഞു: 'എന്റെ കുട്ടികളെ, നിങ്ങള്‍ നമ്മുടെ കരുത്തുറ്റ ഭൂമിയെപറ്റി സംസാരിക്കൂ. ദുര്‍ബലയായ ഭൂമിയെപറ്റി മാത്രം സംസാരിക്കാതെ'.
പക്ഷെ ഇന്നു നാം ഭൂമിയുടെ കരുത്തിന്റെ പരിധിയില്‍ എത്തിയിരിക്കുന്നു. മുതലാളിത്തവും അതു സൃഷ്ടിച്ച അമിത ഉപഭോഗവുമാണ് നമ്മളെ അവിടെ എത്തിച്ചത്. പരിസ്ഥിതി സംഘടനകളുടെയോ പരിസ്ഥിതി വിദഗ്ധരുടെയോ ശ്രമങ്ങള്‍ കൊണ്ട് മുതലാളിത്തത്തെയും അതിന്റെ നശീകരണ രീതികളെയും തടയാന്‍ കഴിയില്ല. വിശാലമായ ഒരു രാഷ്ട്രീയ മുദ്രാവാക്യമായിട്ടത് പരിവര്‍ത്തിപ്പിച്ചുകൊണ്ടുള്ള പരിശ്രമങ്ങള്‍ക്കു മാത്രമേ അതു കഴിയൂ. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ 1992ല്‍ റിയോയില്‍ നടന്ന പരിസ്ഥിതിവികസന സമ്മേളനം (ഭൗമ ഉച്ചകോടി) രൂപപ്പെടുത്തിയ അജന്‍ഡ 21 എന്ന വിശദമായ ഭാവി പദ്ധതി രേഖയില്‍ ലോകത്തെ സുസ്ഥിര വികസനത്തിന്റെ പാതയിലേക്കു നയിക്കാനുള്ള എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ടായിരുന്നു. പക്ഷെ അതു നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ലോക രാജ്യങ്ങള്‍ കാട്ടിയില്ല. വികസ്വര രാജ്യങ്ങള്‍ക്ക് ഈ പരിപാടി നടപ്പിലാക്കാന്‍ വേണ്ട അധിക ചെലവായ 120 ബില്യന്‍ ഡോളര്‍ കൊടുക്കാന്‍ ബാധ്യത ഉണ്ടായിരുന്ന വികസിത രാജ്യങ്ങള്‍ ആ ബാധ്യത നിറവേറ്റിയതുമില്ല.
മുതലാളിത്തം അതിന്റെ രീതികള്‍ എളുപ്പം മാറ്റുകയില്ല. മുതലാളിത്തത്തിനെതിരായ സാമൂഹ്യ സമരത്തോടൊപ്പം നമ്മുടെ വ്യക്തിജീവിതത്തിലും നമുക്ക് ഉപഭോഗ സംസ്‌കാരത്തിനെതിരേയുള്ള സമരം നടത്താം. നമ്മുടെ ഇക്കോളജീയ പരിധിക്കുള്ളില്‍നിന്നുകൊണ്ടു ജീവിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. അതിനു നിങ്ങള്‍ ഒരു ഇക്കോളജിസ്റ്റായിരിക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. അതല്ലാത്തവര്‍ക്കായിരിക്കും ചിലപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച ഉണ്ടാവുക. എന്റെ ഭാര്യ നസീമ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. ഞാന്‍ ജല വൈദ്യുത പദ്ധതിക്കെതിരേയുള്ള വിദ്യാര്‍ഥി സമരം നയിച്ചിരുന്ന ആളായതുകൊണ്ട് ചില സുഹൃത്തുക്കള്‍ ചോദിക്കാറുണ്ടായിരുന്നു പരിസ്ഥിതിയും വൈദ്യുതിയും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറില്ലേ എന്ന്. പക്ഷെ പരിസ്ഥിതി ജീവിത രീതിയുടെ കാര്യത്തില്‍ നസീമ എനിക്കൊരു ഗുരുവാണെന്നു പറയാം. കാറുപയോഗിക്കുന്നതിനു പകരം പൊതുഗതാഗതം ഉപയോഗിക്കുക, പഴയ സാധനങ്ങള്‍ വലിച്ചെറിയാതെ പുതിയ ഉപയോഗം കണ്ടെത്തുക, വെള്ളം മിതമായി ഉപയോഗിക്കുക, കറണ്ട് ആവശ്യത്തിനു മാത്രം ഉപയോഗിക്കുക, പ്ലാസ്റ്റിക്കിനു പകരം തുണിസഞ്ചി ഉപയോഗിക്കുക, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു പകരം ചെറിയ കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങുക തുടങ്ങി മൊബൈല്‍ ഫോണ്‍ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുക മുതലായ കാര്യങ്ങള്‍ വരെ എനിക്കു ശീലമാക്കാന്‍ നസീമയുടെ സ്വാധീനം കൊണ്ടാണ്. ഈവക കാര്യങ്ങള്‍ എല്ലാവര്‍ക്കും കഴിയുന്നതാണ്. അമിത ഉപഭോഗത്തിനെതിരേ നമ്മള്‍ ഓരോരുത്തരും നടത്തേണ്ട സമരമാണ് കഴിയുന്നത്ര കുറച്ച് വിഭവങ്ങള്‍ ഉപയോഗിക്കുക എന്നത്.
പരിസ്ഥിതി സംരക്ഷണം എന്നാല്‍ നീതിക്കുള്ള സമരം കൂടിയാണ്. പ്രകൃതി വിഭവങ്ങള്‍ അസന്തുലിതമായി ഉപയോഗിക്കപ്പെടുന്നു. ദാരിദ്ര്യവും സമ്പന്നതയും ധ്രുവീകരിക്കപ്പെടുന്നു. ചരിത്രപരമായി അതുല്യതയില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് വിഭവങ്ങളുടെ ഉപയോഗത്തിലുള്ള സാമൂഹ്യ അസന്തുലനം പരിഹരിക്കുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ജലത്തിന്റെ ഉപയോഗത്തില്‍ തന്നെ ഒരു നഗരത്തിലെ ഒരു സമ്പന്ന കോളനിയും സമീപത്തുള്ള ചേരിപ്രദേശവും തമ്മിലുള്ള അന്തരം നോക്കിയാല്‍ ഇതു വ്യക്തമാകും.
ഞാനിത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് ഒരു ആന കൃഷിയിടത്തില്‍ കടന്നപ്പോള്‍ കൈതച്ചക്ക കൃഷി വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷിക്കാനായി അസ്വീകാര്യമായിവച്ചിരുന്ന പടക്കം വായില്‍പെട്ടു പൊട്ടുകയും തുടര്‍ന്നു ചെരിയുകയും ചെയ്ത വാര്‍ത്ത. അതിനെ അടിസ്ഥാനമാക്കിയുള്ള വ്യാജവാര്‍ത്തകളും മേനകാഗാന്ധിയടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്ന വിവരം അറിയുന്നത്. വ്യാജവാര്‍ത്തയിലെ വര്‍ഗീയ, വംശീയ, കേരള വിരുദ്ധ താല്‍പര്യങ്ങള്‍ മാറ്റിവച്ചാല്‍ ഈ സംഭവം ഇന്ത്യയും മറ്റു വികസ്വര രാജ്യങ്ങളും നേരിടുന്ന ഒരു നിര്‍ണായക പ്രശ്‌നത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വന്യ ജീവികളും സമീപ ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം. ഇന്ത്യയിലെ വനങ്ങളിലും സമീപ പ്രദേശങ്ങളിലും 30 കോടിയോളം ജനങ്ങള്‍ ജീവിക്കുന്നുണ്ട്. അതില്‍ പകുതിയിലേറെയും ആദിവാസി ജനങ്ങള്‍. ഈ ദരിദ്ര സമൂഹങ്ങളുടെ ജീവിതവും കൃഷിയും നിരന്തരം വന്യമൃഗങ്ങളില്‍നിന്നുള്ള ഭീഷണിയിലാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം 400 പേരില്‍ കൂടുതല്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്നുണ്ട്. തിരിച്ചുള്ള ആക്രമണത്തില്‍ നൂറോളം ആനകളും 80000 ഹെക്ടറില്‍ കൂടുതല്‍ കൃഷി ഒരു വര്‍ഷം നശിപ്പിക്കപ്പെടുന്നു. പുലി, കാട്ടുപന്നി, ബൂബുള്‍ മുതലായവും ജീവനും കൃഷിക്കും ഭീഷണിയായിട്ടുണ്ട്. പശ്ചിമബംഗാളിലെ ബക്കൂറ ജില്ലയില്‍ മാത്രം 2018ല്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചത് 25 പേരാണ്.
ലളിതമായ പരിഹാരങ്ങളില്ലാത്ത സങ്കീര്‍ണമായൊരു വിഷയമാണിത്. മനുഷ്യരും മൃഗങ്ങളും ഇരകളാക്കപ്പെടുന്നു, വിശേഷിച്ചും വലിയ മൃഗങ്ങളുടെ ജനസംഖ്യ പല സംസ്ഥാനങ്ങളിലും വര്‍ധിക്കുന്ന സാഹചര്യത്തില്‍. ഇതില്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ ആദിവാസികളും മറ്റു ദലിതരും ആകയാല്‍ ഈ വിഷയം വേണ്ടത്ര രാഷ്ട്രീയ ശ്രദ്ധ നേടുന്നില്ല. ഏതായാലും ജൈവ വൈവിധ്യ ഉടമ്പടിയുടെ അടുത്ത സ്ട്രാറ്റജിക് പ്ലാനില്‍ ഈ വിഷയം ഇടം നേടിയിട്ടുണ്ട്.
അസന്തുലിതകളെ ഇല്ലാതാക്കാനും പരിസ്ഥിതി നീതി ഉറപ്പാക്കാനുമുള്ള ആഗോള ശ്രമങ്ങള്‍ക്കുള്ള പ്രധാന തടസം അമേരിക്ക തന്നെയാണ്. യുദ്ധത്തിന്റെയും ആധിപത്യത്തിന്റേതുമായ ഒരു രാഷ്ട്രീയ വ്യവസ്ഥ. പാരീസ് കരാറില്‍നിന്നും മാത്രമല്ല യുനെസ്‌കോയില്‍നിന്നും ഇപ്പോള്‍ ലോകാരോഗ്യ സംഘടനയില്‍നിന്നും പിന്‍വാങ്ങുകയും അന്താരാഷ്ട്ര ജനാധിപത്യ വേദികളെ നിരന്തരം ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കൃതി. യു.എന്‍ പരിസ്ഥിതി സമ്മേളന വേദികളിലെല്ലാം അവരുടെ ഭീഷണിയുടെ സ്വരം ഉയര്‍ന്നു കേള്‍ക്കാം. എത്രത്തോളം എന്നുവച്ചാല്‍ ഇന്ത്യോനേഷ്യയുടെ മുന്‍ മന്ത്രി സാത്വികനായ എമില്‍ സലീം 2002ലെ യോഗത്താ സുബര്‍ഗ് ഉച്ചകോടിക്കു മുന്‍പു നടന്ന മന്ത്രിതല സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചുകൊണ്ടിരിക്കെ ഇടവേളയില്‍ അടുത്തിരുന്ന സഹപ്രവര്‍ത്തകനോട് ചോദിച്ചു: ഈ അമേരിക്കയുടെ കാര്യത്തില്‍ നമ്മള്‍ എന്താണ് ചെയ്യുക? അദ്ദേഹം മൈക്ക് ഓഫ് ചെയ്യാന്‍ മറന്നു പോയിരുന്നു. സമ്മേളന ഹാളില്‍ ഉണ്ടായിരുന്നവര്‍ മുഴുവന്‍ ആ സ്വകാര്യ സംഭാഷണം കേട്ടു. അടുത്ത ദിവസം അദ്ദേഹത്തിന്റെ ചോദ്യം അച്ചടിച്ച റ്റീഷര്‍ട്ടുകളുമായിട്ടാണ് എന്‍.ജി.ഒ പ്രതിനിധികള്‍ സമ്മേളനത്തിനെത്തിയത്. അമേരിക്കയുടെ ഭീഷണി സര്‍ഗ്ഗാത്മകമായി നേരിടാന്‍ വികസ്വര രാജ്യങ്ങള്‍ക്കു കഴിയുക എന്നത് ഭൂമി നേരിടുന്ന പരിസ്ഥിതി പ്രതിസന്ധികള്‍ നേരിടാന്‍ അനിവാര്യമാണ്.
ഇന്ത്യയില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന കോര്‍പറേറ്റ് ചൂഷണം ഇതിന്റെ മറുവശമാണ്. നമ്മുടെ കാടും ജൈവവൈവിധ്യവും വെള്ളവും വായുവും എല്ലാം നിരന്തരം മുറിപ്പെട്ടുകൊണ്ടിരിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടുണ്ടായ നിയമങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൊറോണാ ലോക്ക്ഡൗണ്‍ കാലത്തു മാത്രമാണ് ഇന്ത്യയിലെ നദികളില്‍ സമീപ ചരിത്രത്തില്‍ ശുദ്ധജലം ഒഴുകിയത്. ഇന്ത്യയിലെ പരിസ്ഥിതിയുടെ പതനം തിരുത്താന്‍ വേണ്ടി ശക്തമായൊരു ജനകീയ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു ദേശത്തിന്റെ ഏറ്റവും വലിയ സുരക്ഷ അതിന്റെ പാരിസ്ഥിതിക സുരക്ഷയാണ്.
( അന്താരാഷ്ട്ര പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും യു.എന്‍ പരിസ്ഥിതി വേദികളിലെ നെഗോഷ്യേറ്ററുമാണ് ലേഖകന്‍. ഇത്തോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, സി.ബി.ഡി അലയന്‍സ് എന്ന ആഗോളവേദി എന്നിവയുടെ അധ്യക്ഷനായിരുന്നു).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."