കൈനിറയെ നല്കി വേങ്ങരക്കാര്, സ്വന്തം കുഞ്ഞാപ്പയ്ക്ക്
കോഴിക്കോട്: തങ്ങളുടെ സ്വന്തം കുഞ്ഞാപ്പയെ വേങ്ങരക്കാര് ഇന്ദ്രപ്രസ്ഥത്തിലേക്ക് അയച്ചത് കൈനിറയെ നല്‍കികൊണ്ട്. ഇതുവരെ വേങ്ങരയുടെ എം.എല്‍.എയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറംകാരുടെ എം.പിയായതിനു പിന്നില്‍ വേങ്ങരക്കാരുടെ അകമഴിഞ്ഞ പിന്തുണ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 2,472 വോട്ടുകള്‍ അധികം നല്കി വേങ്ങരക്കാര്. 40529 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം മണ്ഡലമായ വേങ്ങരയില്‍നിന്നു നേടാനായത്.
ആകെ ലഭിച്ച ഭൂരിപക്ഷമായ 1,71,023 വോട്ടിന്റെ നാലിലൊന്ന് ഈ മണ്ഡലത്തില്‍ നിന്നുള്ളതായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഏറെ പിറകോട്ടുപോയപ്പോഴും പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മാത്രം കുലുങ്ങിയിരുന്നില്ല. 2011ലെ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 180 വോട്ടിന്റെ കുറവാണ് 2016ല്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായത്. അതും വേങ്ങരയില്‍ സി.പി.എം പാര്‍ട്ടി ചിഹനത്തില്‍ മത്സരിച്ചിട്ടും.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു മുന്പില്. 2011ല്‍ സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടിക്കായിരുന്നു- 39,237 വോട്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ 180 വോട്ടിന്റെ കുറവുണ്ടായിട്ടും മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം വേങ്ങര കുഞ്ഞാലിക്കുട്ടിക്ക് നല്കിയതായിരുന്നു.
എന്നാല്‍ ഈ ഭൂരിപക്ഷത്തെയെല്ലാം ഇത്തവണ വേങ്ങര കടത്തിവെട്ടിയിരിക്കുകയാണ്- സ്വന്തം കുഞ്ഞാപ്പയ്ക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."