ട്രാഫിക് കുരുക്കില്‍ വേങ്ങര വലയുന്നു
വേങ്ങര: ട്രാഫിക്ക് കുരുക്കില്‍ ചക്രശ്വാസം വലിക്കുന്ന വേങ്ങരയിലെ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് നാട്ടുകാര്‍. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന വേങ്ങരയില്‍ ഏറെകാലത്തെ ആവശ്യമാണ് ബൈപാസ്. കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
താഴെ അങ്ങാടി മുതല്‍ കുറ്റാളൂര്‍ വരെ ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒന്നര മണിക്കൂര്‍ എടുക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയായിരുന്ന സമയത്ത് ബൈപാസ് നിര്‍മിക്കുന്നതിന് പദ്ധതിയൊരുക്കിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി രണ്ടു പ്രാഥമിക അലൈന്‍മെന്റിലൂടെ പഠനം നടത്തി. വേങ്ങര കുറ്റാളൂരില്‍ നിന്നും തുടങ്ങി കൈളപ്പുറത്തിനു കൂരിയാടിനുമിടയിലേ ദേശീയപാതയില്‍ ചെന്നു ചേരുന്ന ഒന്നും ബ്ലോക്ക് എം.എല്‍.എ റോഡിലൂടെ കൂരിയാട് ചെന്നവസാനിക്കുന്ന മറ്റൊന്നുമാണ് വകുപ്പധികൃതര്‍ കണ്ടെത്തിയിരുന്നത്്. കുറ്റാളൂരില്‍നിന്ന് തുടങ്ങി ദേശീയ പാതയില്‍ അവസാനിക്കുന്ന അലൈന്‍മെന്റിനു അംഗീകാരമായി.
ഈ അലൈന്‍മെന്റ് പ്രകാരം 20 മീറ്റര്‍ നീളത്തില്‍ 7.1 കിലോമീറ്റര്‍ ദൂരമാണ് ബൈപാസിനുണ്ടാകുക. നെല്‍വയലില്‍ 15 ഉം കരഭൂമിയില്‍ 20 മീറ്റര്‍ വീതിയുമാണുളളത്. 4800 മീറ്റര്‍ നെല്‍വയലും ബാക്കി കരഭൂമിയും റോഡുമാണ് ഇതിലുള്‍പ്പെടുന്നത്. പദ്ധതിയുടെ പ്രാഥമികഘട്ട നടപടികള്‍ക്കായി സര്‍ക്കാര്‍ 2016 ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചു.
കെ.എന്‍.എ ഖാദര്‍ എം.എല്‍.എ പ്രത്യേകം താല്‍പര്യമെടുത്ത് കഴിഞ്ഞ ബജറ്റില്‍ 60 കോടി രൂപയുടെ അധിക അനുമതിയും നേടിയിരുന്നു. പദ്ധതിയുടെ ഭാഗമായി ഇന്‍വസ്റ്റിഗേഷന്‍ സര്‍വേ നടന്നു വരികയായിരുന്നു. ഇതിനിടെ ഏതാനും ചില പ്രവര്‍ത്തകര്‍ നെല്‍വയല്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞു പരാതിയുമായി മുന്നോട്ടുവന്നതോടെ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും മണ്ഡലം എം.എല്‍.എ കെ.എന്‍.എ ഖാദറിന്റെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."