ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍- ഉവൈസി ധാരണ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: അടുത്തിടെ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി സംഘപരിവാരും മജ്ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പിയും തമ്മില്‍ ധാരണ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബി.ജെ.പിയുടെ മുന്‍ നിയമസഭാംഗമായ യതിന് ഒസ്സയുടേതാണ് വെളിപ്പെടുത്തല്‍. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുന്നതിനും, കോണ്‍ഗ്രസ്- വിശാല മതതേര മുന്നണിക്കു ലഭിക്കുന്ന വോട്ടുകളില്‍ പിളര്‍പ്പ് ഉണ്ടാക്കാനുമാണ് ഉവൈസിയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ധാരണയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പിയില്‍ നിന്നു രാജിവച്ച യതിന് ഒസ്സ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അയച്ച കത്തിലാണ് ഈ ആരോപണങ്ങളുള്ളത്. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകന് കൂടിയായ ഒസ്സ എ.എ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം നാലിനാണ് കെജ്രിവാളിന് യതിന് ഒസ്സ കത്തയച്ചത്. കഴിഞ്ഞ സപ്തംബര്‍ 15നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ താനും പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രകോപനപരമായ രീതിയില്‍ ഉവൈസി സംസാരിക്കും. പ്രസംഗത്തിന്റെ ഉള്ളടക്കം സംഘപരിവാര കേന്ദ്രങ്ങള്‍ തന്നെ നിര്‍ദേശിക്കും. ഉവൈസിയുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കാരണം ഹിന്ദുക്കളുടെ വോട്ടും മുസ്ലിംകളുടെ വോട്ടും ഏകീകരിക്കപ്പെടാന്‍ കാരണമാവുമെന്നും അമിത് ഷാ കണക്കുകൂട്ടിയിരുന്നു. വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ സംഘപരിവാരിന്റെ യഥാര്‍ഥമുഖം പുറത്തുവന്നതായി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."