കൊടികുത്തിമലയിലെ പ്രകൃതി ഭംഗി കാണാന്‍ സഞ്ചാരികളുടെ തിരക്ക്
പെരിന്തല്‍മണ്ണ: മഴയില്‍ പച്ചപ്പുതച്ച കൊടികുത്തിമല കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. സമയ വ്യത്യാസമില്ലാതെ മലയെ തലോടുന്ന ഇളം കാറ്റും തണുപ്പുമാണ് ഇവിടുത്തെ പ്രത്യേകത. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന യുവാക്കളാണ് ഏറെയും ഇവിടുത്തെ സന്ദര്‍ശകര്‍. എന്നാല്‍ കുടുംബസമേതം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും കുറവല്ല. 'മലപ്പുറത്തെ മിനി ഊട്ടി' എന്ന പേരും കൊടികുത്തി മലക്കുണ്ട്.
മലയുടെ മുകളില്‍ സ്ഥാപിച്ച വ്യൂ ടവറാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. കാലവ്യത്യാസമില്ലാതെ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്കുണ്ട്. ജില്ലക്ക് അകത്തുനിന്നും പുറത്തു നിന്നുമായി നിരവധി പേരാണ് സന്ദര്‍ശകരായി എത്തുന്നത്.
മണ്ണാര്‍ക്കാട്- പെരിന്തല്‍മണ്ണ ദേശീയപാത 966ല്‍ അമ്മിനിക്കാട് നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ ദൂരമാണ് കൊടികുത്തിമലയിലേക്കുള്ളത്. സമുദ്ര നിരപ്പില്‍നിന്ന് 522 മീറ്റര്‍ ഉയരത്തിലാണ് മല സ്ഥിതിചെയ്യുന്നത്. വേനലെന്നോ ശൈത്യമെന്നൊ വ്യത്യാസമില്ലാതെ പുലര്‍ച്ചെയും, വൈകുന്നേരങ്ങളിലും കോടയിറങ്ങുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. പ്രവേശനത്തിന് ഫീസ് നല്‍കേണ്ടതില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂസര്‍വേയുടെ ഭാഗമായി ഒരു വലിയ കൊടി കുത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതാണ് പിന്നീട് ഈ സ്ഥലത്തെ കൊടികുത്തിമല എന്ന പേരിലറിയപ്പെടാനിടയാക്കിയത്. പാറകെട്ടുകളാല്‍ നിറഞ്ഞ മലമ്പ്രദേശം 70 ഏക്കറിലധികം വിസ്തൃതിയുണ്ട്.
അതേസമയം, സന്ദര്‍ശന മറവില്‍ ഇവിടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതായും ആക്ഷേപമുണ്ട്. ഒരുവര്‍ഷം മുന്‍പേ നിര്‍മാണം പൂര്‍ത്തിയാക്കിയ വ്യൂ പോയിന്റും ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്ന ആംനസ്റ്റി സെന്ററിന്റെ ചുമരുകള്‍ കുത്തിവരച്ചും മറ്റും സാമൂഹ്യവിരുദ്ധര്‍ ഇതിനകം നാശമാക്കി. മദ്യക്കുപ്പികളടക്കമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരിസര പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നതും ജലാശയത്തിലേക്ക് മാലിന്യം തള്ളുന്നതും പതിവാണ്.
കഴിഞ്ഞവര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആംനസ്റ്റി സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് തടയിടുമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബന്ധപ്പെട്ടവര്‍ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയതേയില്ല. ഇതും ദൂരദിക്കുകളില്‍ നിന്നു പോലും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കടക്കം എത്തുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് സൗകര്യമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."