തൊഴിലുറപ്പ് പദ്ധതി വഴി സുസ്ഥിര വികസനം സാധ്യമാക്കണം: എം.ബി രാജേഷ് എം.പി
പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ആസ്തി-സുസ്ഥിര വികസനം സാധ്യമാക്കണമെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി കേന്ദ്ര ഗ്രാമീണ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറുമായി ബന്ധപ്പെട്ട് പാലക്കാട് ഫോര്‍ട്ട് പാലസില്‍ നടന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
നാലര മാസമായി തൊഴിലുറപ്പ് തൊളിലാളികള്‍ക്ക് കൂലി ലഭ്യമാകാത്തതിന് വിവിധ കാരണങ്ങള്‍ കേന്ദ്രം വ്യക്തമാക്കുന്നതായി എം.പി സെമിനാറില്‍ ചൂണ്ടിക്കാട്ടി. പദ്ധതി വഴി ആസ്തി-സുസ്ഥിരവികസനം സാധ്യമാകാത്തത് അതിലൊരു കാരണമാണ്. സാധനഘടകങ്ങള്‍ ഉപയോഗിച്ചുളള പ്രവര്‍ത്തനങ്ങളില്‍ മെറ്റിരിയല്‍ കോസ്റ്റ് വളരെ കുറഞ്ഞ ശതമാനം മാത്രം ഉപയോഗപ്പെടുത്തുന്നതാണ് മറ്റൊരു കാരണം. ഇത് 30 ശതമാനമെങ്കിലും ആയിരിക്കണമെന്നാണ് നിര്‍ദ്ദേശം.
വേതനകണക്കനുസരിച്ച് പ്രവര്‍ത്തികളുടെ അളവ് വ്യക്തമാക്കാന്‍ കഴിയാത്തതും മറ്റൊരു കാരണമാണ്. ഇത്തരം കാര്യങ്ങള്‍ പരിഹരിച്ചു പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ തുടര്‍ന്ന് ശ്രദ്ധിക്കണമെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. ഗ്രാമവികസനപ്രവര്‍ത്തനങ്ങള്‍ക്കായി എം.പി-എം.എല്‍.എ ഫണ്ടിനു പുറമെ ഓരോ പഞ്ചായത്തിനും ലഭ്യമാകുന്ന 2.6 കോടി തൊഴിലുറപ്പ് ഫണ്ട് കൂടി ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും എം.പി വ്യക്തമാക്കി. കുളം-കിണര്‍ നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായും കാര്‍ഷികമേഖലയിലും തൊഴിലുറപ്പ് പദ്ധതി വലിയൊരളവ് വരെ പ്രയോജനപ്പെടുത്താമെന്നും എം.ബി രാജേഷ് എം.പി ചൂണ്ടിക്കാട്ടി.
എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റെ പ്രോഗ്രാം കോഡിനേറ്റര്‍ കെ.എസ് അബ്ദുള്‍ സലിം പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 60 ശതമാനവും പ്രകൃതി പരിപാലന പ്രവര്‍ത്തനങ്ങളായിരിക്കും തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുകയെന്ന് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു.
ഒറ്റപ്പാലം സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പ്രിന്‍സ് കുര്യന്‍ നിര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനം സംബന്ധിച്ച ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാര്‍, ബ്ലോക്ക്തല എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍.ആര്‍.ഇ.ജി.എസ് ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."