മഞ്ചേരി മെഡി. കോളജില്‍ മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും കൊവിഡ് ബാധയില്ല
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ മരിച്ച രണ്ടു കുഞ്ഞുങ്ങള്‍ക്കും കൊവിഡ് ബാധയില്ല. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ 50 ദിവസം പ്രായമായ ആണ്‍കുഞ്ഞും പുളിക്കല്‍ സ്വദേശികളായ ദമ്പതികളുടെ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ഇന്നലെ മരിച്ചത്. രണ്ടു കുഞ്ഞുങ്ങളുടെയും അമ്മമാര്‍ പുറത്തു നിന്നും അടുത്തിടെ വന്നതിനാല്‍ ക്വാറന്റൈനിലായിരുന്നു. മരിച്ച പാലക്കാട് ചെത്തല്ലൂര്‍ സ്വദേശിയായ കുഞ്ഞിനു ജന്മനാ ആരോഗ്യ പ്രശ്നങ്ങളുണ്ട്. കോയമ്പത്തൂരില്‍ വെച്ചാണ് പ്രസവിച്ചത്. കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും അവിടെനിന്നും അന്നുതന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 1.30നാണ് കുട്ടി മരിച്ചത്.
ജൂണ്‍ നാലിനാണ് പുളിക്കല്‍ സ്വദേശിനിയെ പ്രസവ വേദനയോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുട്ടി ജനിക്കുമ്പോള്‍ ഹൃദയ മിടിപ്പ് കുറവും കരയാത്തതിനാലും കൃത്രിമ ശ്വാസം നല്കി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് വെന്റിലേറ്റര്‍ നല്‍കിയെങ്കിലും നില വഷളാവുകയും ഇന്നലെ രാവിലെ മരിക്കുകയും ചെയ്തു. കുട്ടിയുടെ മാതാവ് മെയ് 29നാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. രണ്ടു കുട്ടികളും കൊവിഡ് ബാധിതരല്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."