ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കി കന്നുകാലികളില്‍ കുളമ്പു രോഗം പടരുന്നു
പെരുമ്പാവൂര്‍: ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കി വാഴക്കുളം പഞ്ചായത്തില്‍ കന്നുകാലികളില്‍ കുളമ്പു രോഗം പടരുന്നു. മഴക്കാലം തുടങ്ങിയതോടെ കാലികളില്‍ കണ്ടുവരുന്ന രോഗമാണിത്. രോഗസാധ്യത തിരിച്ചറിഞ്ഞു മൃഗസംരക്ഷണ വകുപ്പ് മുന്‍കരുതല്‍ സ്വീകരിക്കാത്തതാണു രോഗ വ്യാപനത്തിനു കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അറവുമാടുകളില്‍ നിന്നാണു രോഗം പടരുന്നതെന്നാണു നിഗമനം. കുളമ്പുകള്‍ക്കിടയില്‍ കോശങ്ങള്‍ നശിച്ചു വ്രണങ്ങളായി കാലികളുടെ മരണത്തിനു കാരണമാകുന്നതാണ് രോഗം.
മൂക്കില്‍ നിന്നും വായില്‍ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരിക്കുക, കാലുകളില്‍ വ്രണം വന്നു പഴുക്കുക, കിടന്നാല്‍ എഴുന്നേല്‍ക്കാന്‍ കഴിയാതാകുക എന്നിവയാണു രോഗ ലക്ഷണം.
അകിടില്‍ നിന്നു തൊലി പോകുന്നതും നാക്കിലെ കോശങ്ങള്‍ നശിച്ചു വ്രണങ്ങള്‍ രൂപപ്പെടുന്നതും കുളമ്പു രോഗത്തിന്റെ ലക്ഷണങ്ങളാണ്.ഇത് മൂലം ഉപജീവന മാര്‍ഗമായി പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരാണു പ്രതിസന്ധിയിലായിരിക്കുന്നത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പലയിടത്തും രോഗം പടര്‍ന്ന് പിടിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പ് പ്രശ്‌നം ഗൗരവത്തോടെ കാണണമെന്നും ക്ഷീരകര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും മഞ്ഞപ്പെട്ടി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് എം. അഹമ്മദുണ്ണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."