മോദിസം വേണ്ടാത്ത മലപ്പുറം
2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പ്രതിജ്ഞയെടുത്തു നില്‍ക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പുഫലമെന്നു പറഞ്ഞാല്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ സമ്മതിക്കില്ലെന്നറിയാം. മലപ്പുറം ജില്ലയിലെ ഏതു മണ്ഡലത്തില്‍നിന്നും എക്കാലത്തും ഏഴു ശതമാനത്തില്‍ താഴെ മാത്രം വോട്ടുകള്‍ കിട്ടിയ തങ്ങളുടെ തോല്‍വി ഇത്തവണ എങ്ങനെയാണു തറപറ്റലാകുകയെന്നാണു ബി.ജെ.പി നേതാക്കളുടെ ചോദ്യം.
അതുമാത്രമല്ല, 2014നേക്കാള്‍ 970 വോട്ട് തങ്ങള്‍ക്കു കൂടിയിട്ടുണ്ടെന്നും ബി.ജെ.പി സ്ഥിതിമെച്ചപ്പെടുത്തിയെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നുമാണ് സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കന്മാര്‍ അവകാശപ്പെടുന്നത്. തങ്ങളുടെ മുന്നേറ്റം ചെറുക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരേപോലെ വര്‍ഗീയകാര്‍ഡ് എടുത്തുവീശിയെന്നും അതിന്റെ പ്രതിഫലനമാണു മലപ്പുറത്തു കണ്ടതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാത്തതായതിനാല്‍ തങ്ങള്‍ അതിനെ കാര്യമായി എടുത്തിരുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവകാശവാദങ്ങളിലൊന്ന്. അതിനു തെളിവായി അവര്‍ നിരത്തുന്നത് ബി.ജെ.പിയുടെ ദേശീയനേതാക്കളാരും മലപ്പുറത്ത് തെരഞ്ഞെടുപ്പുപ്രചാരണത്തിനു വരാത്തതാണ്. അതു വീണേടത്തു കിടന്ന് ഉരുളലാണോ അല്ലയോ എന്നതു പരിശോധിക്കേണ്ടതാണ്.
ഈ പശ്ചാത്തലത്തിലാണ് മലപ്പുറം തെരഞ്ഞെടുപ്പുപ്രചാരണഘട്ടത്തില്‍ ബി.ജെ.പി നേതാക്കന്മാര്‍ നടത്തിയ ചില അവകാശവാദങ്ങള്‍ ഓര്‍മിച്ചെടുക്കേണ്ടത്. 'നിലവിലുള്ളതിനേക്കാള്‍ ആറിരട്ടി വോട്ട് ബി.ജെ.പി നേടു'മെന്നാണ് ആ പാര്‍ട്ടിയുടെ സംസ്ഥാനസാരഥിയായ കുമ്മനം രാജശേഖരന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. കുമ്മനത്തിനു പിന്നാലെ മറ്റു ബി.ജെ.പി നേതാക്കളും അതേ പല്ലവി ആവര്‍ത്തിച്ചു. അങ്ങനെ ആറിരട്ടി വര്‍ധിപ്പിക്കാന്‍ മുസ്‌ലിംവോട്ടര്‍മാരുടെ പിന്തുണകൂടി വേണമെന്നതിനാലായിരിക്കാം സ്ഥാനാര്‍ഥി ശ്രീപ്രകാശ് ഹലാലായ ബീഫ് ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം വരെ നടത്തി. ബീഫു കിട്ടിയാല്‍ മലപ്പുറത്തെ വോട്ടര്‍മാര്‍ എല്ലാം മറന്നു താമരയില്‍ കുത്തുമെന്ന് അദ്ദേഹത്തെ ആരോ വിശ്വസിപ്പിച്ചിരിക്കണം.
ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുന്ന ന്യായവാദങ്ങളില്‍ കഴമ്പുണ്ടോയെന്നാണ് ഇവിടെ പ്രധാനമായും പരിശോധിക്കേണ്ടത്. അവര്‍ പറഞ്ഞതില്‍ ഒരു കാര്യം ശരിയാണ്. മൂന്നുമുതല്‍ ഏഴുവരെ ശതമാനമാണ് മലപ്പുറത്തെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എക്കാലത്തും കിട്ടിയിട്ടുള്ളത്. ആ ചരിത്രം അവര്‍ ഇത്തവണ മാറ്റിയെഴുതുമെന്നോ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വന്‍കുതിപ്പുണ്ടാക്കാന്‍ അവര്‍ക്കു കഴിയുമെന്നോ പൊതുജനം തെറ്റിദ്ധരിച്ചിരുന്നില്ല. ആ വ്യാമോഹം മനസ്സില്‍ സൂക്ഷിച്ചതും അതു വെളിപ്പെടുത്തിയതും ബി.ജെ.പി നേതാക്കള്‍ മാത്രമാണ്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നു ഭൂരിപക്ഷം കിട്ടുകയും ഭൂരിപക്ഷമില്ലെങ്കിലും മണിപ്പൂരിലും ഗോവയിലും അധികാരത്തിലേറാന്‍ സാധിക്കുകയും ചെയ്തതിന്റെ ആവേശത്തില്‍ ബി.ജെ.പിയുടെ ദേശീയനേതാക്കള്‍ നടത്തിയ പ്രഖ്യാപനം തങ്ങളുടെ അടുത്തലക്ഷ്യം കേരളമുള്‍പ്പെടെ ഇതുവരെ കൈപ്പിടിയില്‍ കിട്ടാത്ത സംസ്ഥാനങ്ങളാണെന്നായിരുന്നു.
കേരളം പിടിച്ചെടുക്കലിന് അവര്‍ പരമാവധി ഊന്നല്‍ നല്‍കുകയും ചെയ്തു. 2019ലെ യാഥാര്‍ഥ്യമാകേണ്ട രണ്ടാമൂഴത്തിനുള്ള തന്ത്രമാവിഷ്‌കരിക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പു നടന്ന ബി.ജെ.പി ദേശീയ നേതൃയോഗത്തിലെ പ്രധാന അജന്‍ഡയും കേരളം പിടിച്ചെടുക്കലായിരുന്നു.
ന്യായവാദങ്ങള്‍ എന്തൊക്കെ നിരത്തിയാലും മലപ്പുറത്തെ അതിനുള്ള ഡ്രസ് റിഹേഴ്‌സലായാണു ബി.ജെ.പി നേതാക്കന്മാര്‍ കണ്ടത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്ത്രപരമായ വര്‍ഗീയധ്രുവീകരണനീക്കം നടത്തിയിരുന്നല്ലോ. അതേപോലൊരു തന്ത്രംതന്നെയാണു മലപ്പുറത്തും ആവിഷ്‌കരിച്ചിരുന്നത്. തെരഞ്ഞെടുപ്പുപ്രചാരണരംഗത്ത് അവര്‍ നടത്തിയ വീടുകള്‍ കേന്ദ്രീകരിച്ചുള്ള യോഗങ്ങളില്‍ മോദി മാജിക് കേരളത്തിലും നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറഞ്ഞിരുന്നത്. ആ അശ്രാന്തപരിശ്രമത്തിനാണ് ഇപ്പോള്‍ തിരിച്ചടിയുണ്ടായത്.
2014ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 970 വോട്ടു കൂടുതല്‍ കിട്ടിയതിനാല്‍ തങ്ങള്‍ക്കു തിരിച്ചടിയല്ല നേട്ടമാണുണ്ടായതെന്നാണല്ലോ ബി.ജെ.പി നേതാക്കളുടെ അവകാശവാദം.
ബി.ജെ.പിക്കു കൂടിയത് 970 വോട്ടുമാത്രമാണെങ്കില്‍ യു.ഡി.എഫിന് 77,607 വോട്ടും എല്‍.ഡി.എഫിന് 1,01,323 വോട്ടും കൂടുതലായി ലഭിച്ചിട്ടുണ്ട്. അതിനു കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, മൂന്നുവര്‍ഷത്തിനിടയില്‍ വര്‍ധിച്ച പുതിയ വോട്ടുകള്‍.
കഴിഞ്ഞതവണ മൊത്തം 75,000 വോട്ടു നേടിയ എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല എന്നതു തന്നെയാണു രണ്ടാമത്തെ കാരണം. ഈ വോട്ടുകള്‍ വിഭജിക്കപ്പെട്ട് വിവിധ സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചു.
എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ടുകള്‍ ബി.ജെ.പിക്കു കിട്ടില്ലെന്നതു സത്യം. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയഭീഷണിക്കു മുന്നില്‍ ന്യൂനപക്ഷവോട്ടുകള്‍ ശിഥിലീകരിക്കപ്പെടരുതെന്നന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ആ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. അതിനാല്‍, ആ പാര്‍ട്ടികളുടെ വോട്ടു കിട്ടാത്തതിനാലാണ് തങ്ങള്‍ക്കു കാര്യമായി വോട്ടു വര്‍ധിക്കാതിരുന്നതെന്നു ബി.ജെ.പി പറയില്ലെന്ന് ഉറപ്പ്.
ഏങ്കിലും, അവര്‍ക്കു വോട്ടു കാര്യമായി വര്‍ധിക്കേണ്ടതായിരുന്നില്ലേ. 83,000ത്തോളം വരുന്ന പുതിയ വോട്ടുകളുടെ പത്തുശതമാനം വിഹിതം ബി.ജെ.പിക്കു കണക്കാക്കിയാല്‍ത്തന്നെ 8000 വോട്ട് അധികമായി അവര്‍ക്കു ലഭിക്കേണ്ടിയിരുന്നു.
എല്‍.ഡി.എഫും യു.ഡി.എഫും ന്യൂനപക്ഷപ്രീണനമാണു നടത്തുന്നതെന്നും ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കേണ്ടതുണ്ടെന്നുമുള്ള പ്രചാരണത്തിനു സ്വാധീനമുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിനു വോട്ടുകള്‍ വേറെയും ബി.ജെ.പിക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. അതൊക്കെ കണ്ടുകൊണ്ടാണ് ആറിരട്ടിയെന്ന അവകാശവാദം കുമ്മനം നിരത്തിയത്. അതു സംഭവിച്ചില്ലെന്നതു ബി.ജെ.പിയുടെ പരാജയത്തിന്റെ ഊക്കു വര്‍ധിപ്പിക്കുന്നു.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സാമുദായികധ്രുവീകരണത്തിനു വഴിവയ്ക്കുന്ന നടപടികളും പ്രചാരണങ്ങളും ബി.ജെ.പിക്കു ഗുണമാണ് ഉണ്ടാക്കിയതെന്നതില്‍ തര്‍ക്കമില്ല.
വീട്ടിലെ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് അഖ്‌ലാക്കിനെ തല്ലിക്കൊന്നതിനെതിരേ രാജ്യം മുഴുവന്‍ വന്‍പ്രതിഷേധമുണ്ടായെങ്കിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മറ്റും അതുപയോഗിച്ചാണു ബി.ജെ.പി നേട്ടമുണ്ടാക്കിയത്.
എന്നാല്‍, സാമുദായികഭിന്നിപ്പിന്റേതായ അത്തരം തന്ത്രങ്ങള്‍ കേരളത്തില്‍ വിലപോകില്ലെന്ന പാഠമാണ് മലപ്പുറം തെരഞ്ഞെടുപ്പ് ബി.ജെ.പിക്കു നല്‍കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പു ഫലത്തിന്റെ ഏക പ്രസക്തിയും അതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."