ട്രംപിന്റെ തീരുവനയങ്ങള്ക്കെതിരേ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ്
വാഷിങ്ടണ്‍: തെറ്റായ തീരുവ നയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ആഞ്ഞടിച്ച് രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംഘം. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറ്റ കൂട്ടാളികള്‍ കൂടിയായ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് ആണു ട്രംപിന്റെ പുതിയ തീരുവ നയത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
തീരുവവിരുദ്ധ പ്രചാരണത്തിനായി ചേംബര്‍ തിങ്കളാഴ്ച പുതിയ കാംപയിനിനു തുടക്കമിട്ടിരിക്കുകയാണ്. അമേരിക്കയുടെ വ്യാപാര പങ്കാളികളായ രാഷ്ട്രങ്ങള്‍ക്കെതിരേ കടുത്ത തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി രാജ്യത്തെ സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നു പറഞ്ഞാണ് ചേംബര്‍ ഓഫ് കൊമേഴ്സ് കാംപയിന് ആരംഭിച്ചത്. ഇതേതുടര്‍ന്ന് വൈറ്റ് ഹൗസും ചേംബറും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്.
ചേംബര്‍ അടക്കമുള്ള സമിതികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കു ഭീഷണിയാണ് ട്രംപ് ഭരണകൂടത്തിന്റെ നയമെന്ന് ചേംബര്‍ പ്രസിഡന്റ് ടോം ഡോനോഹു പറഞ്ഞു. സുതാര്യവും സ്വതന്ത്രവുമായി വ്യാപാരമാണു രാജ്യത്തിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
30 ലക്ഷത്തോളം അംഗങ്ങളുള്ള വ്യാപാരസംഘമാണ് യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ്. ദീര്‍ഘകാലമായി റിപബ്ലിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ചാണു സമിതി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."