കാലവര്‍ഷം കനിഞ്ഞു: ജില്ലയില്‍ ലഭിച്ചത് ഉയര്‍ന്ന മഴനിരക്ക്
സ്വന്തം ലേഖകന്‍
കോഴിക്കോട്: കാലവര്‍ഷമെത്തി മാസം പിന്നിടുമ്പോള്‍ ജില്ലയ്ക്കു ലഭിച്ചത് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴനിരക്ക്. കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ഹൈഡ്രോമെറ്റ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെ 1083.23 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. കണക്കുപ്രകാരം ലഭിക്കേണ്ടിയിരുന്നത് 971.5 എം.എം മഴയാണ്. 11.5 ശതമാനമാണു വര്‍ധനവ്. 2013ലാണ് ഇതിനു മുന്‍പ് ശക്തമായ മഴ ലഭിച്ചത്. 1426.1 എം.എം മഴ അന്നു ലഭിച്ചപ്പോള്‍ 59 ശതമാനത്തിന്റെ വര്‍ധനവാണു രേഖപ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷത്തെ മണ്‍സൂണിലെ കണക്കനുസരിച്ച് ജില്ലയില്‍ ആകെ പെയ്ത മഴയില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ മാസത്തില്‍ കാലവര്‍ഷം കനത്തതിനാല്‍ മണ്‍സൂണ്‍ കാലത്തു ലഭിക്കേണ്ട മഴ ജില്ലയ്ക്ക് ലഭിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നത്. അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവും കുറവു മഴ ലഭിച്ചത് 2014ല്‍ ആയിരുന്നു. 43 ശതമാനത്തിന്റെ കുറവാണ് അന്നു രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയില്‍ കാര്യമായ മഴ പെയ്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ കാലവര്‍ഷം ഉഗ്രരൂപം പൂണ്ടപ്പോള്‍ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലുള്‍പ്പെടെ വലിയ ദുരന്തങ്ങള്‍ക്കും ജില്ല സാക്ഷ്യംവഹിക്കേണ്ടി വന്നു. മലയോര മേഖലകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. നിരവധി വീടുകളും കെട്ടിട സ്ഥാപനങ്ങളും കാറ്റിലും മഴയിലും തകര്‍ന്നു. ലക്ഷക്കണക്കിനു രൂപയും നാശനഷ്ടങ്ങളാണുണ്ടായി.
വിവിധയിടങ്ങളില്‍ വെദ്യുതിത്തൂണുകള് തകര്‍ന്നും കമ്പിപൊട്ടിയും കെ.എസ്.ഇ.ബിക്കും നഷ്ടമുണ്ടായി. ദുരന്തങ്ങളുണ്ടായെങ്കിലും കാലവര്‍ഷം കനിഞ്ഞതിനാല് അടുത്ത വേനലില്‍ കുടിവെള്ളത്തിനു വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."