സ്വകാര്യ ഭൂമിയില്‍ പ്രചാരണ സാമഗ്രികള്‍ പതിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം
കോട്ടയം: സര്‍ക്കാര്‍ ഓഫിസുകളിലും പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയ പ്രചരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കമ്മീഷന്‍ അനുശാസിക്കുന്നു.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ താല്‍ക്കാലിക പ്രചാരണസാമഗ്രികള്‍ ഉടമസ്ഥന്റെ സ്വതന്ത്രാനുമതിയോടു കൂടി പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥലം ഉടമയുടെ രേഖാമൂലമുള്ള അനുമതിയുടെ പകര്‍പ്പ് മൂന്ന് ദിവസത്തിനകം അതത് വില്ലേജ് ഓഫിസര്‍മാര്‍ മുഖേന ജില്ലാ വരാണാധികാരിക്ക് നല്‍കണം. അനുമതിപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ഇവ നീക്കം ചെയ്യുന്നതാണ്.
മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കും കോടതി ഉത്തരവുകള്‍ക്കും വിധേയമായി സ്വകാര്യവാഹനങ്ങളില്‍ പ്രചാരണത്തിനുള്ള കൊടികള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയ ഉടമകള്‍ക്ക് പതിക്കാവുന്നതാണ്. എന്നാല്‍ മറ്റ് വാഹനയാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതരത്തിലാവരുത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതിയോടു കൂടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നവ ഒഴികെയുള്ള വാണിജ്യവാഹനങ്ങളില്‍ പ്രചാരണസാമഗ്രികള്‍ പ്രദര്‍ശിപ്പിക്കരുത്. സ്ഥാനാര്‍ത്ഥിയുടെ ഉപയോഗത്തിനായി അനുവദിക്കുന്ന വാഹനം മറ്റുള്ളവര്‍ ഉപയോഗിക്കുവാന്‍ പാടില്ല. പ്രസാധകന്റെ പേരും വിലാസവും ഇല്ലാത്ത ലഘുലേഖകളും മറ്റ് അച്ചടിമാധ്യമങ്ങളും പ്രചാരണത്തിന് ഉപയോഗിക്കുവാന്‍ പാടില്ല. പ്രചാരണത്തിനായുള്ള ലൗഡ്‌സ്പീക്കറുകളും അനുബന്ധ ഉപകരണങ്ങളും രാത്രി 10 നും രാവിലെ ആറിനുമിടയ്ക്ക് ഉപയോഗിക്കുവാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."