എലിപ്പനി: ജാഗ്രതവേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കാസര്‍കോട്: മഴക്കാലത്താണ് പടര്‍ന്നു പിടിക്കുന്ന എലിപ്പനിയുടെ കാര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എലിപ്പനിയുടെ രോഗാണുവുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴിലുകളുമായി ബന്ധപ്പെട്ടാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
ഓടകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കാണ് എലിപ്പനിക്ക് കൂടുതല്‍ സാധ്യതയുള്ളത്. സൈറോക്കേറ്റ് വിഭാഗത്തില്‍പ്പെടുന്ന ലെ പ്‌റ്റോസ്‌പ്പൈറ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗമാണ് എലിപ്പനി.
എലികള്‍, കാര്‍ന്നുതിന്നുന്ന ജീവികളായ അണ്ണാന്‍, മരപ്പട്ടി, വളര്‍ത്തുമൃഗങ്ങളായ പട്ടി, പന്നി, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളും ഇതിന്റെ രോഗാണുവാഹകരായി കണ്ടെത്തിയുണ്ട്. ഇവയുടെ മൂത്രം കലര്‍ന്ന വെള്ളമോ മണ്ണോ മറ്റ് വസ്തുക്കള്‍ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയോ ആണ് രോഗം പകരുന്നത്. എന്നാല്‍ രോഗിയില്‍നിന്ന് മറ്റൊരു മനുഷ്യനിലേയ്ക്ക് ഈ രോഗം പകരാറില്ല.
പനി, പേശിവേദന, കാല്‍ വണ്ണയിലെ പേശികള്‍ ഉദര പേശികള്‍, നട്ടെല്ലിന്റെ കീഴ്ഭാഗത്തെ പേശികള്‍ എന്നിവിടങ്ങളില്‍ തൊടുമ്പോഴുള്ള വേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തിന്റെ അളവ് കുറയുകയും.
മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുകയും ചെയ്യും. ശ്വാസകോശത്തെ ബാധിച്ചാല്‍ ചുമയും നെഞ്ചുവേദനയും കരളിനെ ബാധിച്ചാല്‍ മഞ്ഞപ്പിത്തവും രോഗലക്ഷണമായി കാണാം. കരള്‍ രോഗം, പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങള്‍ ഈ രോഗത്തെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കുന്നു.
മുന്‍കരുതലുകള്‍
കാസര്‍കോട്: ഓട വൃത്തിയാക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി ജോലിക്കാര്‍, കുളം വൃത്തിയാക്കുന്നവര്‍ ആഴ്ചയില്‍ ഒരു ദിവസം രണ്ടു ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വീതം ആറ് മുതല്‍ എട്ട് ആഴ്ച വരെ കഴിച്ചിരിക്കണം. ജോലിക്ക് ഇറങ്ങുന്നതിന്റെ തലേ ദിവസം ആദ്യത്തെ ഡോസ് ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ജോലിക്ക് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒഴിവാക്കാനാവാത്ത അവസരങ്ങളില്‍ ജോലിക്ക് ഇറങ്ങുന്നതിന് മുന്‍പും പിന്‍പും ആന്റി സെപ്റ്റിക് ക്രീമുകള്‍ പുരട്ടാം. മുറിവുകളില്‍ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ഡ്രസ് ചെയ്യണം.
മറ്റ് നിയന്ത്രണമാര്‍ഗങ്ങള്‍
എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക.
എലികളുടെ സാന്നിധ്യം ഒഴിവാക്കാന്‍ പരിസര ശുചീകരണം കൃത്യമായി നടത്തുക.
ആഹാരസാധനങ്ങളും മറ്റ് അവശിഷ്ടങ്ങളും എലികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വലിച്ചെറിയാതിരിക്കുക.
മലിന്യങ്ങള്‍ കത്തിച്ചോ, കുഴിച്ചിട്ടോ നശിപ്പിക്കുക.
ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം ഉണ്ടാക്കുക.
അപകട സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കട്ടിയുള്ള റബര്‍ കാലുറകളും കയ്യുറകളും ധരിക്കുക.
കുളങ്ങള്‍, വെള്ളം കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ എന്നിവയിലുള്ള കുളിയും മറ്റ് ഉപയോഗങ്ങളും ഒഴിവാക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
ആഹാരസാധനങ്ങള്‍ എലി മൂത്രം വീണ് മലിനപ്പെടാതെ മൂടിവയ്ക്കുക .
കിണറുകള്‍, ടാങ്കുകള്‍ എന്നിവ എലി കയറാത്ത രീതിയില്‍ അടയ്ക്കുക.
സ്വയം ചികിത്സ ചെയ്യാതെ രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ഡോക്ടറെ സമീപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."