ചേലക്കര മണ്ഡലത്തില്‍ ഏഴ് ആശുപത്രികള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രം: യു.ആര് പ്രദീപ്
ചേലക്കര: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവില്വാമല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ പാഞ്ഞാള്‍, കൊണ്ടാഴി, തോന്നൂര്‍ക്കര, മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍ അടക്കം ഏഴ് ആശുപത്രികള്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി ഉത്തരവായതായി യു.ആര് പ്രദീപ് എം.എല്‍.എ അറിയിച്ചു.
ചേലക്കര നിയോജക മണ്ഡലത്തിലെ ഏഴ് ആശുപത്രികള്‍ അടക്കം 48 ആശുപത്രികളാണ് തൃശൂര്‍ ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. 2017-18ല്‍ ദേശമംഗലം എളനാട് എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു.
ഇതടക്കം ഇപ്പോള്‍ ഒന്‍പത് ആശുപത്രികള്‍ കുടുംബാരോഗ്യ കേന്ദ്രമായി ചേലക്കര മണ്ഡലത്തില്‍ ഉയര്‍ത്തി. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ പരിശോധന, ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണ്. ഒരു ഡോക്ടര്‍, രണ്ടു സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്നീഷ്യന് വീതം ജീവനക്കാരെ നിലവിലുള്ളതിനു പുറമേ അധിക തസ്തിക സൃഷ്ടിച്ച് ദേശമംഗലം, എളനാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമനം നടത്തിയിട്ടുണ്ട്. കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ ഒരു ഡോക്ടറെയും പാരമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക ഉത്തരവും ഇറക്കിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി ഒന്‍പത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മണ്ഡലത്തില്‍ അനുവദിച്ചു കിട്ടിയത് ജനങ്ങള്‍ക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ ഉപകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."