സ്വകാര്യ കമ്പനിയുടെ അനാസ്ഥ; മലയാളിയുടെ മൃതദേഹം ഒന്നര മാസമായി സഊദിയില്‍ മോര്‍ച്ചറിയില്‍
ദമാം: കമ്പനിയുടെ അനാസ്ഥ മൂലം സഊദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം ഒന്നര മാസമായി ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലം മാങ്ങാട് സിയോണില്‍ ആന്റണി ആല്‍ബര്‍ട്ട് (55) ന്റെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ മോക്ഷം കാത്ത് കഴിയുന്നത്. കമ്പനിയുടെ ഭാഗത്ത് നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റു അലവന്‍സുകളും ലഭിക്കാത്തതിലെ താമസവും മറ്റു നടപടികള്‍ക്ക് നേരിടുന്ന കാലതാമസവുമാണ് മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ കിടക്കാന്‍ കാരണം. മൃതദേഹം വിട്ടുകിട്ടാനായി പലരും ശ്രമം നടത്തിയെങ്കിലും കമ്പനി കാലതാമസം ഉണ്ടാക്കുകയാണ്.
കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ സ്വകാര്യ കമ്പനിയില്‍ ജോലിയെടുക്കവെ മെയ് 22നാണ് ആന്റണി മരണപ്പെട്ടത്. വെല്‍ഡറായി ജോലിയെടുത്ത കമ്പനിയില്‍ നിന്നും 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വര്‍ഷത്തെ സര്‍വീസുമടക്കം 80,000 സഊദി റിയാല്‍ (14,64,892) കമ്പനിയില്‍ നിന്നും ലഭിക്കാനുണ്ട്. സഊദി നിയമപ്രകാരം മരിച്ചയാളുടെ ബാധ്യതകള്‍ തീര്‍ത്താലേ മൃതദേഹത്തിന് എക്‌സിറ്റ് ലഭിക്കൂ. എന്നാല്‍, ആല്‍ബര്‍ട്ടിന്റെ കുടിശ്ശിക നല്‍കുന്നതില്‍ കമ്പനി അനാസ്ഥ കാണിക്കുകയാണ്.
അതിനിടെ, എംബസി ഉദ്യോഗസ്ഥന്‍ കുടുംബത്ത സമീപിച്ച് കുടിശ്ശിക പണം കിട്ടിയതായി സത്യവാങ്മൂലം നല്‍കി തത്കാലം മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകണമെന്നും പിന്നീട് പണം ലഭിക്കാനുള്ള നടപടികളുമായി പോകാമെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.എന്നാല്‍, ഇങ്ങനെ രേഖയില്‍ ഒപ്പിട്ടു നല്‍കിയാല്‍ പിന്നെ, യാതൊരു നടപടിക്കും സാധ്യമല്ലെന്നതിനാല്‍ കുടുംബം ഇതിന് തയ്യാറാവാതിരിക്കുകയായിരുന്നു.
നടപടികള്‍ക്കായി മുഖ്യമന്ത്രി, നിയമസഭ സ്പീക്കര്‍ ,നോര്‍ക്ക , ഇന്ത്യന്‍ എംബസി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്, തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ആന്റണി ആല്‍ബര്‍ട്ടിന്റെ സഹോദരന്‍ പിടി റജിമോന്‍ പറഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മറ്റു നടപടികള്‍ ഒന്നും നടന്നിട്ടില്ലെന്നുമാണ് എംബസിയില്‍ നിന്നും അറിയിച്ചിരിക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."