ഇമ്രാന്‍ ഖാന്റെ പരാമര്‍ശം; പാകിസ്താന്‍ അംബാസഡറെ അഫ്ഗാന്‍ വിളിച്ചുവരുത്തി
കാബൂള്‍: അഫ്ഗാനിസ്താനിലെ സമാധാനത്തിനായി ഇടക്കാല സര്‍ക്കാരിനെ തയാറാക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം.
നിരുത്തരവാദിത്വ പ്രസ്താവനയാണ് ഇമ്രാന്‍ ഖാന്‍ നടത്തിയിരിക്കുന്നതെന്നും തങ്ങളുടെ ആഭ്യന്തരകാര്യത്തിലെ ഇടപെടലാണെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാകിസ്താന്റെ ഡെപ്യൂട്ടി അംബാസഡറെ അഫ്ഗാനിസ്താന്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു.
അഫ്ഗാനിസ്താന്റെ രാഷ്ട്രീയത്തിലുള്ള പാകിസ്താന്‍ ഇടപെടലിന്റെ വ്യക്തമായ ഉദാഹരണമാണ് ഇമ്രാന്റെ പരാമര്‍ശമെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സിബ്ഗത്തുള്ള അഹമ്മദി പറഞ്ഞു. താലിബാനുമായുള്ള സമാധാന ശ്രമങ്ങള്‍ക്ക് അഫ്ഗാനിലെ നിലവിലെ സര്‍ക്കാര്‍ ഒരു തടസമാണ്.
അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ യു.എസിന്റെയും താലിബാന്റെയും ഇടയിലെ സമാധാന ചര്‍ച്ചകള്‍ സുഗമമാവുമെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ കഴിഞ്ഞദിവസത്തെ വിവാദ പ്രസ്താവന. അഫ്ഗാന്‍ സര്‍ക്കാരിന്റെ എതിര്‍പ്പു കാരണത്താല്‍ താലിബാന്‍ നേതാക്കളുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.
താലിബാനുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അഫ്ഗാനും പാകിസ്താനും തമ്മില്‍ ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നത്.
ഇമ്രാന്‍ ഖാന്റെ പരമാര്‍ശത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ വിശദീകരണം തേടിയത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കി.
എന്നാല്‍ അഫ്ഗാന്റെ രൂക്ഷമായ പ്രതികരണത്തിനു പിന്നാലെ വിശദീകരണവുമായി പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ഇമ്രാന്റെ പ്രസ്താവന സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാകിസ്താന്‍ മോഡലില്‍ ഇടക്കാല സര്‍ക്കാരിനു കീഴില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്. അഫ്ഗാന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുകയാണെന്ന രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കരുതെന്നും തങ്ങള്‍ക്ക് പ്രത്യേകിച്ച് അജന്‍ഡയൊന്നുമില്ലെന്നും മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."