നാട്ടിൽ നിന്നെത്തിയ മലയാളി നഴ്‌സുമാർ കണക്ഷൻ വിമാനം ലഭിക്കാതെ വിമാനത്താവളത്തിൽ കുടുങ്ങി; തുണയായി കെഎംസിസി
റിയാദ്: കൊവിഡ് മഹാമാരിക്കെതിരെയുള്ള സഊദിയുടെ പോരാട്ടത്തിൽ പങ്കാളികളാകാൻ നാട്ടിൽ നിന്നുമെത്തിയ നഴ്സുമാർക്ക് സ്നേഹ തണലൊരുക്കി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. കണക്ഷൻ വിമാനം വൈകിയത് മൂലം റിയാദിൽ കുടുങ്ങിയ 49 നഴുമാർക്കാണ് റിയാദ് കെ.എം.സി.സി പ്രവർത്തകർ തുണയായത്.
മക്ക, ഹഫർ അൽ ബാതിൻ തുടങ്ങി സ ഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തേണ്ട ഇവരെ കെഎംസിസി പ്രവർത്തകരെത്തി ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരത്തോടെ അധികൃതരെത്തി ഇവരെ ഹോട്ടലിൽ നിന്നും പ്രിൻസസ് നൂറ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സഊദി എയർ ലൈൻസ് വിമാനത്തിൽ കൊച്ചിയിൽ നിന്നും 134 മലയാളി നഴ്സുമാർ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതിൽ 49 നഴ്സുമാർക്കാണ് യാത്രാ സൗകര്യം ലഭ്യമാവാതിരുന്നത്. യാത്ര പുറപ്പെടുമ്പോൾ തന്നെ ഇതു സംബന്ധമായ അനിശ്ചിതത്വം നിലവിലുണ്ടായിരുന്നെന്നും എന്നാൽ റിയാദിലെത്തുന്ന മുറക്ക് യാത്രാ സൗകര്യമൊരുക്കുമെന്നായിരുന്നു എംബസിയിൽ നിന്നും ലഭിച്ച വിവരമെന്നും നഴ്സുമാർ പറഞ്ഞു.
കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്ക് കണക്ഷൻ വിമാനം ലഭിച്ചതിനെ തുടർന്ന് അവരെല്ലാം വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു. എന്നാൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും കൃത്യമായ വിവരമൊന്നും ലഭിക്കാതിരുന്നത് കൊണ്ടാണ് റിയാദ് കെഎംസിസി സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫയുമായി നഴ്സുമാർ ഫോണിൽ ബന്ധപ്പെടുകയും താൽക്കാലിക താമസ സൗകര്യമൊരുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത്. ഇതെ തുടർന്ന് സെൻട്രൽ കമ്മിറ്റി വെൽ ഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ വാഹനങ്ങളുമായി പ്രവർത്തകർ വിമാനത്താവളത്തിലെത്തുകയും നഴ്സുമാരെ എല്ലാവരെയും അവിടെ നിന്നും ബത് ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു.
ഇന്നലെ രാത്രി മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന ഇവരെ ഇന്ന് രാവിലെ 7 മണിയോടെയാണ് പ്രവർത്തകരെത്തി ഹോട്ടലിലേക്ക് മാറ്റിയത്. വിഷയം സിദ്ദീഖ് തുവ്വൂർ വിമാനത്താവള അധികൃതരുമായി സംസാരിക്കുകയും വിമാനത്താവള മാനേജരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. ഹോട്ടലെത്തി വിശ്രമിച്ച നഴ്സുമാർക്ക് ഭക്ഷണവും കെഎംസിസി എത്തിച്ചു നൽകി. പിന്നീട് വൈകുന്നേരത്തോടെ ഇവരെ ഹോട്ടലിൽ നിന്നും മാറ്റുകയായിരുന്നു. വരും ദിവസങ്ങളിൽ മുഴുവൻ നഴ്സുമാരും ബന്ധപ്പെട്ട ഭാഗങ്ങളിലേക്ക് തിരിക്കും.
വനിതാ കെഎംസിസി പ്രവർത്തകരും ഇവർക്കാവശ്യമായ സഹായങ്ങൾ നൽകാൻ രംഗത്തുണ്ടായിരുന്നു. അബ്ദുൽ മജീദ് പയ്യന്നൂർ, ഷംസു പെരുമ്പട്ട, അൽ മദീന ഹൈപ്പർ മാർക്കറ്റ് മാർക്കറ്റിംഗ് മാനേജർ ശിഹാബ് കൊടിയത്തൂർ, ഹുസൈൻ കുപ്പം, മജീദ് പരപ്പനങ്ങാടി, മെഹബൂബ് കണ്ണൂർ, അഷ് റഫ് പയ്യന്നൂർ, കുഞ്ഞിമുഹമ്മദ് അൽ മദീന തുടങ്ങിയവർ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."