പ്രളയത്തില്‍ മുങ്ങിയ സ്വപ്‌നങ്ങളുമായി റസാഖ്
മംഗലംഡാം: പെരുമ്പാവൂര്‍ സ്വദേശിയായ റസാഖ് എന്ന കര്‍ഷകന്‍ 'ഇനിയെന്ത്' എന്ന ചോദ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. മൂന്ന് വര്‍ഷത്തിലധികമായി മംഗലംഡാമിലും പരിസരത്തും കൃഷിസ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷിചെയ്ത് വരുന്ന ആളാണ് റസാഖ്.
കഴിഞ്ഞ വര്‍ഷം ഒരു വിധം നല്ല വിളവുണ്ടായിരുന്നെങ്കിലും ഇഞ്ചിക്ക് വിലകുറവായതുകാരണം വലിയ മെച്ചമൊന്നുമുണ്ടായില്ല.ഭാരിച്ച കൂലിച്ചിലവും പാട്ടവും കഴിഞ്ഞ് മിച്ചമൊന്നുമുണ്ടായില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ ഈ വര്‍ഷം കുറച്ചുകൂടി വിപുലമായി ഏകദേശം 12 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചി, മഞ്ഞള്‍, വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ ചെയ്തു. നാട്ടിലെ സഹകരണ ബാങ്കില്‍നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തിയും പത്തുലക്ഷം രൂപ കടമെടുത്തും അങ്ങനെ കൈവശമുണ്ടായിരുന്ന മുഴുവന്‍ സമ്പാദ്യവും മണ്ണിലിറക്കി വളരെ നല്ല രീതിയില്‍ കൃഷിയെല്ലാം ആയിവരുന്നതിന്നിടയിലാണ് പ്രളയം ഈ മനുഷ്യന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചത്. ഒരാഴ്ചയിലധികം കൃഷിയിടത്തില്‍ വെള്ളം കെട്ടിനിന്നതിന്റെ ഫലമായി ഏകദേശം എല്ലാംതന്നെ നശിച്ചു.
വാഴ കുലക്കാറായപ്പോഴാണ് പ്രളയമുണ്ടായത്. ഇഞ്ചികൃഷിയില്‍നിന്നും ഇറക്കിയ മുതലിന്റെ പകുതിപോലും ലഭിക്കില്ലെന്ന് കുറച്ചുഭാഗം കിളച്ചുനോക്കിയതോടെ തിരിച്ചറിഞ്ഞു. കൂലികൊടുക്കാനുള്ളതുപോലുമില്ലെന്നുകണ്ട് ആ ശ്രമവും പാതിവക്കിലുപേക്ഷിച്ചിരിക്കുകയാണ്.
സ്വന്തം കൃഷിഭൂമി അല്ലാത്തതുകൊണ്ടും ഈ നാട്ടുകാരനല്ലാത്തതുകൊണ്ടും ഇദ്ദേഹം പ്രളയക്കെടുതിയുടെ ആനുകൂല്യത്തിലൊന്നും പെട്ടതുമില്ല. നിസഹായാവസ്ഥ മനസിലാക്കി ഭൂമിയുടെ ഉടമസ്ഥര്‍ പാട്ടതുകയില്‍ ഇളവുചെയ്ത് കൊടുത്തതാണൊരാശ്വാസം. നാട്ടിലെ സഹകരണബാങ്കില്‍നിന്നും എടുത്ത ഭീമമായ സംഖ്യ തിരിച്ചടക്കാന്‍ ഒരു നിര്‍വാഹവുമില്ലാതെ വിഷമിക്കുകയാണ് ഇന്ന് ഈ കര്‍ഷകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."