വിനോദസഞ്ചാരത്തിന് ചുക്കാന്‍പിടിച്ച് ബാലകിരണ്‍
കണ്ണൂര്‍: കണ്ണൂരിന്റെ മനംകവര്‍ന്ന കലക്ടര്‍ പി. ബാലകിരണ്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറായി ചുമതലയേറ്റത് ജില്ലയിലെ ടൂറിസം മേഖലയ്ക്കു പ്രതീക്ഷയേകുന്നു.
മുന്‍ കണ്ണൂര്‍ ജില്ലാ കലക്ടറായി ഏറെക്കാലം പ്രവര്‍ത്തിച്ച ബാലകിരണ്‍ ജില്ലയിലെ ടൂറിസം വികസനത്തിന് പ്രോത്സാഹനം നല്‍കുന്ന നടപടികളാണ് സ്വീകരിച്ചിരുന്നത്. തെയ്യത്തിന്റെയും തറിയുടെയും നാടായ കണ്ണൂരിന് ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണുള്ളത്. കണ്ണൂര്‍ കോട്ട, പയ്യാമ്പലം ബീച്ച്, അറക്കല്‍ കൊട്ടാരം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, മാടായിപ്പാറ, തലശേരി കോട്ട, ആറളം ഫാം, പൈതല്‍മല, കാഞ്ഞിരക്കൊല്ലി തുടങ്ങി മനോഹരമായ സ്ഥലങ്ങള്‍ ടൂറിസംമേഖലയില്‍ ഉയര്‍ച്ച തേടുന്നവയാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളെ കോര്‍ത്തിണക്കിയുള്ള ടൂറിസം പദ്ധതികള്‍ മലബാറിന്റെ വികസനത്തിന് കുതിപ്പേകുന്നവയാണ്.
കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവ സജീവമായാല്‍ കണ്ണൂരിന്റെ ടൂറിസം വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ജില്ലാതല സംസ്ഥാന ഐ.ടി മിഷനിലും പഞ്ചായത്ത് ഡിപ്പാര്‍ട്ടുമെന്റുകളുടെ ഡയറക്ടറായും പി. ബാലകിരണ്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടിയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിങ് എം.ടെക് വിദ്യാര്‍ഥിയായിരുന്നു ബാലകിരണ്‍. ഐ.എ.എസ് നേടുന്നതിന് മുന്‍പ് ഇദ്ദേഹം ഡി.ആര്‍.ഡി.ഒയിലെ മിസൈല്‍ സയന്റിസ്റ്റായിരുന്നു.
പിന്നീട് 2007 വരെ നാലുവര്‍ഷം പഞ്ചാബ് കേഡറില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. 2008ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ പ്രവേശിക്കുകയും ആദ്യം കോഴിക്കോട് അസി. കലക്ടറായും തിരുവല്ലയിലും കാസര്‍കോടും സബ്കലക്ടറായും സേവനമനുഷ്ഠിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."