കുഞ്ഞ് വൈറസും കുറെ കാഴ്ചകളും
ചൈനയില്‍ മഴ പെയ്യുമ്പോള്‍ ഇവിടം കുട തുറക്കുന്നതെന്തിനാ... കൊവിഡ് - 19 പശ്ചാത്തലത്തില്‍ ടൂറിസം മന്ത്രാലയ നിര്‍ദേശത്താല്‍ അടച്ച 'ഗോല്‍ക്കോണ്ട ഫോര്‍ട്ടി'ല്‍ കാഴ്ചക്കാര്‍ വരാത്ത വ്യഥയില്‍ തൊട്ടടുത്ത് കണ്ണടയും തൊപ്പിയും വിറ്റ് ഉപജീവനം നടത്തുന്ന ഹൈദ്രബാദി എന്നോട് ചോദിച്ചതില്‍ ശരിയുണ്ട് എന്നത് തന്നെയായിരുന്നു എന്റെയും ധാരണ. പക്ഷേ, കുഞ്ഞുവൈറസ് പെട്ടന്ന് തന്നെ വുഹാനില്‍ നിന്ന് കിട്ടാവുന്ന ഫ്‌ലൈറ്റ് കയറി എല്ലാ രാജ്യത്തേക്കും എന്നത് പോലെ ഇന്ത്യയിലേക്കും ഇറ്റലി വഴി എത്തിയത് പെട്ടന്നായിരുന്നു. ഒട്ടും വൈകാതെ മോദിജി രാജ്യത്തെ വാതിലുകളും ജനവാതിലുകളും പുറത്താരുണ്ടന്നെന്നും നോക്കാതെ അടച്ചതോടെ പലരും പെരുവഴിയിലായി.
സുഹൃത്തുക്കളൊപ്പം ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് നോക്കി റൂമില്‍ ജോലിയോ കൂലിയോ ഇല്ലാതെ അന്ത്യനാളടുത്തെത്തി എന്ന ആശങ്കയിലിരിക്കുമ്പോഴും ആശ്വാസമായത് അവശ്യ സാധനങ്ങള്‍ വിലക്കയറ്റമില്ലാതെ ലഭിക്കുന്നു എന്നത് മാത്രമായിരുന്നു. 'സാര്‍ കേരള ഗാഡീ കബ് ഹെ..?' എന്നൊക്കെ പല തവണ പലരോടും നാട്ടിലേക്കുള്ള തീവണ്ടി വിവരം തിരക്കിയങ്കിലും 'സ്വന്തം വണ്ടിയില്ലെങ്കില്‍ നാട്ടിലേക്ക് വരണ്ട' എന്ന് പ്രസ്താവിച്ച മന്ത്രിയുള്‍പ്പെടുന്ന കേരളത്തിലേക്ക് ഒരു വഴിയും ഇല്ലാ എന്നതായിരുന്നു ലഭിച്ച ഉത്തരങ്ങള്‍. അധികാരികള്‍ നല്‍കിയ പല ഹെല്‍പ് ലൈന്‍ നമ്പറിലും വിളിച്ചിട്ടും ചുമച്ചു കൊണ്ട് കൈ കഴുകി വീട്ടിലിരിക്കാന്‍ പറയുന്ന യാന്ത്രിക ശബ്ദം കേട്ട് കോള്‍ കേന്‍സല്‍ ചെയ്യാനായിരുന്നു വിധി. ഒടുവില്‍ കെ.എം.സി സി ഒരുക്കിയ ബസില്‍
ഞങ്ങള്‍ ഇരുപത്തിമുന്നു പേര്‍ തലപ്പാടി ചെക്‌പോസ്റ്റ് വഴി പിറന്ന് വളര്‍ന്ന നാട്ടിലെത്തി.!
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ വിളിക്കുന്നുണ്ടായിരുന്നു. എന്റെ സംസാരത്തിനിടയില്‍ വല്ല ചുമയോ ചൂടോ പ്രസരിക്കുന്നുണ്ടോ എന്നതറിയുക എന്നതായിരുന്നു അവരുടെ ഇടവിട്ട ഫോണ്‍ വിളിയിലെ മുഖ്യ ലക്ഷ്യം. വീടകത്ത് ഒറ്റക്കിരിക്കാന്‍ ഒടുവില്‍ ഗവണ്‍മെന്റ് നല്‍കിയ അനുവാദത്തില്‍ യാത്രയാരംഭിച്ച ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും വീട്ടിലെ കുഞ്ഞുകുട്ടികളുമായി അവരുടെ ഉമ്മമാര്‍ സ്ഥലം വിട്ടിരുന്നു.! പതിവായി വീടിനടുത്ത പറമ്പിലെ മാങ്ങക്ക് കല്ലെറിയുന്ന കുട്ടികളെയും മാമ്പഴം പഴുത്ത് മധുരിച്ച സമയത്തും കാണുന്നില്ല. അണുവിനേയും കീശയിലാക്കി അകലത്ത് നിന്ന് അബൂബക്കര്‍ മാഷിന്റെ മകന്‍ വീട്ടിലെത്തുന്നു എന്ന് പറഞ്ഞ് പാവം കുട്ടികളെ ആരെങ്കിലും വിരട്ടിയുണ്ടാകും.! പക്ഷേ, എനിക്കത് വിപരീത ഫലമായിരുന്നു ചെയ്തത്. പച്ചയും പഴുത്തതുമായ മാങ്ങ വീട്ടിലേക്ക് പതിവായി വിരുന്നു വന്നു. ഒരിക്കല്‍, ഉമ്മയോട് മാങ്ങയും കുശലവും വിതരണം ചെയ്യുന്ന കുല്‍സീച്ച ഗൈറ്റിനപ്പുറത്ത് മാങ്ങയും വെച്ച് തിരികെ അല്‍പം ഭീതിയോടെ പോകുന്നത് കണ്ട് ഞാന്‍ ഞെട്ടി! എന്ത് പറ്റിയിട്ടുണ്ടാവും. ഇന്നലെ രാത്രി നീട്ടി ചുമച്ചത് കേട്ട് കൊറോണ ബാധിച്ചെന്ന് ഭീതിയാകുമോ നടത്തത്തിന് വേഗം കുട്ടിയത്..? അല്ല, നിര്‍ത്താതെയുള്ള കുക്കര്‍ വിസിലടി കേട്ട് പോയതാവും..
വിശാലമായ ഭൂമി ഒരറ്റ മുറിയില്‍ ചുരുങ്ങിയന്ന് അനുഭവപ്പെടുന്ന സന്ധ്യക്കിരുന്നു ഇതെഴുതുമ്പോള്‍ ഇതിനകം വിളിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കരുതലും ഭയവുമാണ് എനിക്കത്ഭുതമായി തോന്നുന്നത്.'്‌നിനക്കെന്തങ്കിലും തോന്നുന്നുണ്ടോ, പനിയോ ചുമയോ എന്തെങ്കിലും' എന്ന് പറഞ്ഞ് വിളിക്കുന്ന ഉദ്യോഗസ്ഥ ക്രമേണെ സുഖമല്ലേന്നും, നാളെ വരുമെന്നുമൊക്കെ പറഞ്ഞ് ഇതിനകം പരിചയത്തിലായി. 'വരുമ്പോള്‍ ഫ്രൂട്‌സൊക്കെ വാങ്ങണമെന്ന് ' ഒരു തവണ ഫോണ്‍ വഴി മൊഴിഞ്ഞതോടെ പിന്നീടവരുടെ ഒരു വിവരവുമില്ല. പെട്ടന്നൊരു രാവിലെ മുഖമാകെ മൂടി വീട്ടിലെത്തിയതോടെ 'കടയൊന്നും തുറക്കാത്തത് കൊണ്ടാണ് ഫ്രൂട്‌സ് ഒന്നും വാങ്ങാത്തത് ' എന്നായിരുന്നു അഭിവാദ്യമായി അരുളിയത്.
'ഇവിടം എന്ന് അണുവിമുക്തമാക്കും' എന്ന ചോദ്യത്തിന് അതൊക്കെ റെഡ് സോണില്‍ നിന്ന് വന്നവര്‍ക്കേ എന്ന് അറിയാതെ അവര്‍ പറഞ്ഞു. 'ഞാന്‍ റെഡ് സോണില്‍ നിന്നാണ് ' എന്ന മറുവാക്ക് കേട്ടതും കൈയിലേക്ക് കുപ്പിയിലെ സാനിറ്റെസര്‍ ഒഴിക്കലും ഒപ്പം..! പിന്നെ, മറ്റൊന്നും മിണ്ടാതെ കൂടെയുള്ളവരൊപ്പം വേഗത്തില്‍ തിരിച്ച് പോയി.
പാവം, ഇനി ഇവിടം നിന്നാല്‍ കൊറോണ പിടിപെടും എന്ന് ധരിച്ചിരിക്കും.! ക്വാറന്റൈനില്‍ ഇരുന്നും നിന്നും നീ തടിവെച്ചോ എന്ന് ചോദിച്ച സുഹൃത്ത് ജംഷീറിനോട് നാട്ടിലെ തട്ടുകടയിലെ പാട്ടും കല്ലുമ്മക്കായും രുചിക്കാത്ത ദു:ഖം ലഭിച്ച പോഷകാഹാരത്തെയെല്ലാം എളുപ്പം ദഹിപ്പിക്കുന്നു എന്നറിയിച്ചു. അടുത്ത ദിവസം വൈകീട്ട് പരിസരത്തെ തുറക്കാറുള്ള പല സന്ധ്യാ തട്ട് കടയും ചുറ്റിക്കറങ്ങി ഒന്നും തുറക്കാത്ത നിരാശ പങ്ക് വെച്ചതോടെ എനിക്കല്‍പം ആശ്വാസമായി.'' സുഹൃത്തുക്കളും എന്നെ പോലെ വീട്ടിലെ പാതിവെന്ത പഴം പൊരി തന്നെയാവും വൈകീട്ട് തിന്നുന്നത് '
അക്ഷരമായും ഭക്ഷണമായും മാതാപിതാക്കളും അനുജന്‍ മുഹമ്മദും മണിക്കൂറിടവിട്ട് മുകളിലേക്ക് സ്‌നേഹവും സന്തോഷവുമെത്തിക്കുന്നുണ്ടങ്കിലും ക്വാറന്റൈന്‍ എന്നത് ഒരര്‍ത്ഥത്തില്‍ ചോദ്യോത്തരങ്ങളില്ലാത്ത, വിശാലമാക്കപ്പെട്ട ഖബറാണ് എന്നതാണ് എന്റെ പക്ഷം. മുന്‍കറും നക്കീറുമായിവരുന്നവര്‍ ചോദിക്കുന്നത് മാതാപിതാക്കളോടാണന്ന് മാത്രം! മുകളില്‍ തനിച്ച് കഴിയുന്ന എന്റെ ആരോഗ്യാവസ്ഥയെ അകലം പാലിച്ച് ചോദിക്കുന്നവരോട് ഉമ്മ ഉത്തരം പറയുമ്പോഴെക്കൊ ഞാന്‍ അറിയാതെ ''അല്ലാഹുമ്മ അല്‍ഹിംമുല്‍ ജവാബ്'' എന്ന് മനസില്‍ പ്രാര്‍ത്ഥിക്കും.
എങ്കിലും, ജനല്‍ തുറന്നാലുളള പുറം കാഴ്ചകള്‍ പ്രതീക്ഷയുടെതാണ്. ഇലകള്‍ പരസ്പരം ഇക്കിളിയാക്കുന്നത്, കറുപ്പിലും അഴക് സൂക്ഷിച്ച കാക്കയുടെ നോട്ടങ്ങള്‍(ഭക്ഷണവേസ്റ്റിനായ് ചിലര്‍ പതിവാണ് നാല് നേരവും) വൃക്ഷങ്ങളിലൂടെ ഓട്ട മത്സരം നടത്തുന്ന അണ്ണാറക്കണ്ണന്‍മാര്‍, ശോഭയേറിയ ശലഭങ്ങള്‍, നാട്യങ്ങളില്ലാത്ത നാട്ടുമൈന, ഒരു അകലവും പാലിക്കാതെ മധുരിക്കുന്നിടത്തെത്തുന്ന ഉറുമ്പിന്‍ കൂട്ടം, അലമാറക്ക് പിന്നില്‍ ഒളിച്ച് താമസിക്കുന്ന പല്ലി, മൂളിപ്പാട്ട് പാടി മാസ്‌കിടാതെ എന്നെ തൊട്ട് പോകുന്ന കൊതുക്, അകലങ്ങളില്‍ കൂവുന്ന കോഴി അങ്ങിനെ ബഷീറെയുതിയ ഭൂമിയുടെ അവകാശികളിള്‍ ചിലരുടെ ചലനവും ഭാഷണവും നിരീക്ഷിക്കലാണ് വായനക്ക് പുറമെ എന്റെ മുഖ്യ ഹോബി. പതിവിനു വിപരീതമായുള്ള എന്റെ സൗഹൃദനോട്ടത്തെ പറ്റി ഈ ജീവികള്‍ എന്താകും പരസ്പരം സംസാരിക്കുന്നുണ്ടാകുക? സുലൈമാന്‍ നബിയെ സൃഷ്ടിച്ച് പോറ്റി വളര്‍ത്തിയ തമ്പുരാനേ...ഏതെങ്കിലുമൊരു സന്ധ്യയില്‍ അവയെല്ലാം എനിക്കൊന്ന്പരിഭാഷപ്പെടുത്തിതരണേ എന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ വീണ്ടും വാതിലിനരികില്‍ മൗനമായി ശേഷിക്കുന്ന ദിനമെണ്ണിക്കഴിയുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."