ഗ്രന്ഥശാലാ പ്രസ്ഥാനത്തെ നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം വേണം: പന്ന്യന്‍ രവീന്ദ്രന്‍
കൊല്ലം: രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ ഭാവിയിലും സജീവമായി നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍. വായനോത്സവത്തോടനുബന്ധിച്ച് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, അസാപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 'ഗ്രന്ഥശാലകളും ഭാവികേരളവും' എന്ന വിഷയത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായന ഡിജിറ്റല്‍ യുഗത്തില്‍ എത്തിനില്‍ക്കുമ്പോഴും പുസ്തകങ്ങളുടെ പ്രസക്തി തെല്ലും കുറഞ്ഞിട്ടില്ല. അതാത് പ്രദേശങ്ങളിലെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും അതുവഴിയുള്ള വളര്‍ച്ചയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്ക് കഴിയണം.
പുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം ഡിജിറ്റല്‍ വായനയുടെ സാധ്യതകളും ഉപയോഗിക്കണം. വായനാ വിജ്ഞാനത്തിലേക്കുള്ള വഴിയാണ്. അറിവിലൂടെ മാത്രമേ നന്മയിലേക്ക് യാത്രചെയ്യാനാകൂ. അത് നാടിന്റെകൂടി വളര്‍ച്ചയാണ്. വായിച്ചു വളരുക എന്ന സന്ദേശം മലയാളിക്കു സമ്മാനിച്ച പി.എന്‍ പണിക്കര്‍ എല്ലാവരേയും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചയാളാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ അധ്യക്ഷനായി. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍. ജയചന്ദ്രന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ജനറല്‍ സെക്രട്ടറി ജി.ആര്‍ കൃഷ്ണകുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അബൂബക്കര്‍കുഞ്ഞ്, പുസ്തക പ്രസാധകന്‍മാരായ കെ.ജി അജിത്ത്കുമാര്‍, കൊല്ലം മധു, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷോബി ദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."