അടിയന്തിര കുടിവെള്ളം എത്തിക്കല്‍; 19 ടാങ്കറുകള്‍ പിടിയില്‍
കാക്കനാട്: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ അടിയന്തരമായി കുടിവെള്ളം എത്തിക്കാന്‍ ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 19 ടാങ്കര്‍ ലോറികളാണ് ജില്ലാ ഭരണകൂടം പിടിച്ചെടുത്തത്.ഇതില്‍ ചൊവ്വാഴ്ച ഒമ്പത് ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്തിരുന്നു. കണയന്നൂര്‍, ആലുവ താലൂക്കുകളുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനാണ് ഈ പിടിച്ചെടുത്ത ടാങ്കര്‍ ലോറികള്‍ ഉപയോഗിക്കുന്നത്. ബുധനാഴ്ച മാത്രം 10 ടാങ്കര്‍ ലോറികളാണ് പിടിച്ചെടുത്തത്.
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹനവകുപ്പാണ് വാഹനങ്ങള്‍ പിടികൂടുന്നത്. ആലുവ താലൂക്കില്‍ ഒമ്പതും കണയന്നൂര്‍ താലൂക്കില്‍ പത്ത് ടാങ്കറുകളുമാണ് ആവശ്യം. ജില്ലാ കളക്ടറുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കുടിവെള്ള വിതരണ പദ്ധതിക്ക് ഉടമകള്‍ ടാങ്കര്‍ ലോറികള്‍ സ്വമേധയ വിട്ടുകൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. അതിനിടെ, പിടിച്ചെടുത്ത ടാങ്കര്‍ ലോറികളില്‍ റവന്യു വകുപ്പ് ജി.പി.എസ്. സംവിധാനം ഘടിപ്പിച്ച് കുടിവെള്ള വിതരണം ചൊവ്വാഴ്ച തന്നെ ആരംഭിച്ചതായി കളക്ടര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള സ്‌ത്രോസ്സുകളില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പ്രത്യേക കുടിവെള്ള സംഭരണികള്‍ സ്ഥാപിച്ച് ടാങ്കറുകളില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന നടപടിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. കുടിവെള്ള പദ്ധതിക്കായി ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നൂറോളം ജലസംഭരണികള്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ പകുതിയിലേറെ ഇവ സ്ഥാപിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."