ജില്ലയില്‍ വരള്‍ച്ചയെ തുടര്‍ന്നുളള കെടുതികള്‍ അതിരൂക്ഷം: കേന്ദ്ര സംഘം
പാലക്കാട്: ജില്ലയില്‍ വരള്‍ച്ച മൂലം വിവിധ മേഖലകളിലുണ്ടായ കെടുതികള്‍ അതിരൂക്ഷമാണെന്ന് ബോധ്യപ്പെട്ടതായി വരള്‍ച്ചാ കെടുതി അവലോകനം ചെയ്യാന്‍ നിയോഗിച്ച കേന്ദ്ര സംഘത്തിന്റെ തലവന്‍ അശ്വിനി കുമാര്‍ ഐ.എ.എസ് പറഞ്ഞു. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം കോഴിപ്പാറ അഹല്യ കാംപസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായ അശ്വിന്‍കുമാര്‍. എം.ബി രാജേഷ് എം.പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാവിലെ 11 മുതല്‍ മംഗലം പാലം, ചെക്ക്ഡാം, എരിമയൂരിലെ ഗായത്രിപുഴയും ചെക്ക്ഡാമും ചുള്ളിയാര്‍ ഡാം, മാടമ്പാറ ക്ഷീരസഹകരണ സംഘം, മുതലമട നിലംപരിശ് പാലത്തിന് സമീപമുള്ള ഗായത്രിപുഴയിലെ ജലനിരപ്പ്, കൊല്ലങ്കോട് തച്ചമ്പള്ളം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് യോഗം ചേര്‍ന്നത്.
മുതലമടയില്‍ ആയിരത്തിലധികം അടി താഴ്ചയില്‍ കുഴല്‍കിണര്‍ കുഴിച്ചിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥയും മാങ്ങ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, നെല്ല് -പച്ചക്കറി കൃഷി മേഖലയിലുണ്ടായ നഷ്ടം, ക്ഷീര മേഖലയിലുണ്ടായ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെട്ടതായി സംഘം പറഞ്ഞു. ജില്ലയിലെ വിവിധ ഡാമുകളില്‍ ജലനിരപ്പില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നുണ്ടായ വ്യതിയാനങ്ങള്‍ സംഘം വിലയിരുത്തി. ജില്ലയില്‍ ജലസംരക്ഷണത്തിനും ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുന്നതിനും സ,ഹായകമായ നിര്‍ദേശങ്ങള്‍ ജില്ലയ്ക്ക് ലഭ്യമാക്കുമെന്ന് സംഘം അറിയിച്ചു.
വരള്‍ച്ചാ പ്രതിരോധത്തിനായി ജില്ലയ്ക്ക് 304.35 കോടി ലഭ്യമാക്കാനുളള റിപ്പോര്‍ട്ട് കേന്ദ്രസംഘത്തിന് കൈമാറി. റവന്യൂ വകുപ്പ്-65 കോടി, കൃഷി-28 കോടി, മൃഗസംരക്ഷണം-52 കോടി, ഫിഷറീസ്- 0.25 കോടി , സിവില്‍ സപ്ലൈസ് 27 കോടി, ജലസേചനം 39 കോടി, വനം-വന്യജിവി-0.50 കോടി, ആരോഗ്യം-0.30 കോടി, തൊഴിലുറപ്പ് പദ്ധതി-76 കോടി, മണ്ണ് സംരക്ഷണം-16 കോടിയാണ് ആവശ്യപ്പെട്ടത്.
ജില്ലയില്‍ 2017 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ താപനില 39.5 ആണ്. 2015-ല്‍ ഇത് 38 ആയിരുന്നു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ 1600 മില്ലി മീറ്റര്‍ ലഭ്യമാകേണ്ട സ്ഥാനത്ത് 1000 മില്ലി മീറ്റര്‍ മാത്രമാണ് 2016-17 വര്‍ഷത്തില്‍ ലഭിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ മണ്‍സൂണില്‍ 68 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് സാധാരണ ലഭിക്കുന്നത് 400 മില്ലിമീറ്റര്‍ ആണെങ്കില്‍ 2016 ലഭിച്ചിരിക്കുന്നത് 150 മില്ലിമീറ്റര്‍ മാത്രം. മൊത്തം 20 ഹെക്ടറില്‍ കൃഷി നാശമുണ്ടായി. 1,74,805 വൃക്ഷങ്ങളും ചെടികളും നശിച്ചിട്ടുണ്ട്. വരള്‍ച്ച മൂലംജില്ലയില്‍ 17,479 കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നുണ്ട്. 28 കോടിയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് വിലയിരുത്തിയിരിക്കുന്നത്. പാല്‍ ഉത്പാദനത്തില്‍ ഒരുദിവസം 37000 ലിറ്ററിന്റെ കുറവാണ് വരള്‍ച്ചയെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 3833 ക്ഷീര കര്‍ഷകരെ ഇതു ബാധിക്കുന്നുണ്ട്.മത്സ്യകൃഷിയില്‍ ഏഴ് മുതല്‍ 10 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.മൊത്തം 568 മത്സ്യകര്‍ഷകരെ വരള്‍ച്ച ബാധിച്ചിട്ടുണ്ട്.
ജില്ലാ ഭരണകാര്യാലയം സമര്‍പ്പിച്ച കണക്കുകള്‍, ഫോട്ടോകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ വരള്‍ച്ചയുടെ കാഠിന്യം മനസ്സിലാക്കുന്നതിന് സഹായകമായെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. ഇന്റര്‍ മിനിസ്റ്റിരിയല്‍ ടിം ഫോര്‍ ഡ്രോട്ട് അസെസ്‌മെന്റ് ടിം ലീഡറും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശ്വിനി കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്റ്റര്‍ ഡോ: കെ. പൊന്നുസ്വാമി, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോരിറ്റി ചീഫ് എഞ്ചിനിയര്‍ അഞ്ജുലി ചന്ദ്ര, ബീച്ച് ഇറോഷന്‍ ഡയറക്റ്ററേറ്റിലെ ഡയറക്റ്റര്‍ ആര്‍.തങ്കമണി, ധനകാര്യ മന്ത്രാലയം ഡയറക്റ്റര്‍ ഗോപാല്‍ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട കേന്ദ്രസംഘമാണ് ജില്ലയില്‍ എത്തിയത്. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, എ.ഡി.എം എസ് വിജയന്‍, സബ് കലക്ടര്‍മാരായ പി.ബി. നൂഹ്, അഫ്‌സാനാ പര്‍വീണ്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംഘത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."